ചെന്നൈ: രണ്ടാം ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ ജയം. 317 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 482 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 164 റൺസിന് പുറത്തായി.
ഇന്ത്യൻ സ്പിന്നർമാരായ അശ്വിനും അക്സർ പട്ടേലും കുൽദീപ് യാദവുമാണ് ഇംഗ്ലണ്ടിനെ അതിവേഗം എറിഞ്ഞിട്ടത്. അക്സർ അഞ്ചും അശ്വിൻ മൂന്നും കുൽദീപ് രണ്ടും വിക്കറ്റ് എടുത്തു. ജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാനുള്ള സാദ്ധ്യതകൾ സജീവമായി നിലനിർത്താനും ഇന്ത്യക്കായി.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ സന്ദര്‍ശകര്‍ക്ക് ആദ്യ സെഷനിൽ തന്നെ 4 വിക്കറ്റുകൾ കൂടി നഷ്ടമായി. 48.3 ഓവറില്‍ 116/7 എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്. 18 പന്തിൽ 43 റൺസെടുത്ത മോയിൻ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. മറ്റ് ബാറ്റ്സ്മാന്മാർ എല്ലാം പരാജയപ്പെട്ടു. ക്യാപ്ടൻ ജോ റൂട്ട് 33 റൺസ് നേടി.
ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മയും രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ അശ്വിനും ഇന്ത്യക്ക് വേണ്ടി നന്നായി ബാറ്റ് ചെയ്തു. രഹാനെ, പുജാര, പന്ത്, കോഹ്ലി തുടങ്ങിയവരും തങ്ങളുടേതായ സംഭാവന നൽകി. ഒന്നാം ടെസ്റ്റിൽ വിമർശനം ഏറ്റുവാങ്ങിയ ബൗളിംഗ് നിരയുടെ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യൻ ജയത്തിന്റെ മുഖ്യഘടകം.
Discussion about this post