ഗ്വാളിയോര്‍: രാജ്യത്ത് ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നവര്‍ത്തിച്ച് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അതേ സമയം ആള്‍ക്കൂട്ടം കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ നിയമങ്ങളില്‍ ഏതെല്ലാമാണ് കര്‍ഷക വിരുദ്ധമെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് വ്യക്തമാക്കണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു.
‘സര്‍ക്കാര്‍ കര്‍ഷ സംഘടനകളുമായി 12 തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്താണ് പുതിയ നിയമങ്ങളില്‍ കര്‍ഷക ദ്രോഹമെന്ന് സംഘടനകള്‍ പറയണം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിങ്ങള്‍ തറപ്പിച്ച് പറയുന്നുണ്ട്. പ്രതിഷേധത്തിലെ ആളുകളുടെ ഏണ്ണം കൂടുന്നത് നിയമം പിന്‍വലിക്കാനുള്ള കാരണമാകില്ല’ മന്ത്രി പറഞ്ഞു.
കര്‍ഷക വിരുദ്ധമായ വ്യവസ്ഥകള്‍ എന്താണെന്ന് യൂണിയനുകള്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ അത് മനസ്സിലാക്കാനും ഭേദഗതികള്‍ വരുത്താനും തയ്യാറാണ്. പ്രധാനമന്ത്രി തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും തോമര്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷക സംഘടനകള്‍ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക മഹാപഞ്ചായത്തുകള്‍ വ്യാപകമാക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
Discussion about this post