ഡൽഹി : പശ്ചിമ ബംഗാളിനോടും പഞ്ചാബിനോടും ഇന്ത്യയിൽ നിന്നും വേർപിരിയാൻ ആവശ്യപ്പെട്ട് ഖാലിസ്താൻ അനുകൂല സംഘടന സിഖ് ഫോർ ജസ്റ്റിസ്. സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ദ് സിംഗ് പന്നുവാണ് നിർദ്ദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോയും പന്നു പുറത്തുവിട്ടിട്ടുണ്ട്. ബംഗാളിനോടും മഹാരാഷ്ട്രയോടും ഇന്ത്യയിൽ നിന്നും വേർപിരിയാനാണ് പന്നു ഉപദേശിക്കുന്നത്.
ഇന്ത്യയുടെ ആധിപത്യത്തിൽ നിന്നും പിരിഞ്ഞുപോയാൽ മാത്രമെ ബംഗാളികളുടെയും മറാത്തികളുടെയും സംസ്‌കാരം നിലനിൽക്കുകയുള്ളു എന്നാണ് പന്നു വീഡിയോയിൽ പറയുന്നത്. ഇതിന് മുൻപും ഇത്തരം ആവശ്യങ്ങളുമായി നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് മുന്നോട്ട് വന്നിട്ടുണ്ട്. പഞ്ചാബിനെ ഇന്ത്യയിൽ നിന്നും മോചിപ്പിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം.
അത് അംഗീകരിക്കാതെ വന്നതോടെയാണ് പുതിയ അടവുകളുമായി സംഘടന പ്രവർത്തിക്കുന്നത്. ഈ ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും കത്ത് നൽകിയതായും പന്നു അറിയിച്ചു.മമതയും താക്കറെയും ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ ഇന്ത്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ രണ്ട് മുഖ്യമന്ത്രിമാർക്കും അധികാരമുണ്ട്. ആ അധികാരം ഉപയോഗിച്ചാൽ മുഖ്യമന്ത്രിയിൽ നിന്നും എത്രയും വേഗം പ്രധാനമന്ത്രിയാകാനും സാധിക്കും.
ഇത്തരത്തിൽ ഒരു മാറ്റം കൊണ്ടുവന്നാൽ എല്ലാ കാലവും മമതയെയും താക്കറയെയും ജനങ്ങൾ ഓർത്തിരിക്കും. കൂടാതെ ഖാലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽ നിന്നും ഇരു സംസ്ഥാനങ്ങൾക്കും എല്ലാ പിന്തുണയും ലഭിക്കുമെന്നും പന്നു കൂട്ടിച്ചേർത്തു. ഇന്ത്യയെ വിഭജിക്കണമെന്ന ഉദ്ദേശ്യവുമായാണ് കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ ഇവർ നുഴഞ്ഞുകയറിയതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
Discussion about this post