ഡൽഹി: കർഷകർക്ക് വേണ്ടി സാദ്ധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ രണ്ടാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക വിളകളുടെ സംഭരണത്തിന് മിനിമം താങ്ങുവിലയിൽ വൻ വർദ്ധനവാണ് സർക്കാർ നടപ്പിലാക്കിയത്. മികച്ച ജലസേചന സംവിധാനം, സാങ്കേതിക വിദ്യയുടെ ഉപയോഗം, കാർഷിക ഇൻഷുറൻസ് പദ്ധതികൾ, വിപണികൾ, വായ്പകൾ എന്നിവ ലഭ്യമാക്കി. ഇടനിലക്കാരെ ഒഴിവാക്കി സമഗ്ര വികസനം നടപ്പിലാക്കി.
രാജ്യത്ത് ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന ജനവിഭാഗമായ കർഷകർക്ക് മാന്യമായ ജീവിതവും ഉന്നമനവും ലക്ഷ്യമിട്ടാണ് രണ്ട് വർഷം മുൻപ് പ്രധാനമന്ത്രി കിസാൻ പദ്ധതി നടപ്പിലാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ കർഷകരുടെ അധ്വാന ശീലവും ആത്മാർത്ഥതയും ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ള രാജ്യത്തെ ചെറുകിട- ഇടത്തരം കർഷകർക്ക് വരുമാനം ഉറപ്പ് വരുത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ പദ്ധതി.
Discussion about this post