ന്യൂഡൽഹി : ഭാരത് ബയോടെക്കിന്റെ ഇന്ത്യൻ നിർമ്മിത വാക്സിൻ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ ഫലം പുറത്തുവിട്ടു. വാക്സിൻ 81 ശതമാനം ഫലപ്രദമാണെന്നാണ് റിപ്പോർട്ട്. 25,000 പേരിൽ നടത്തിയ പരീക്ഷണത്തിലാണ് വാക്സിന്റെ ഗുണനിലവാരം വ്യക്തമായത്. ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് പരീക്ഷണം നടത്തിയത്.
മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഡേറ്റ പുറത്തു വരുന്നതിനു മുൻപ് വാക്സിൻ നൽകാൻ തീരുമാനിച്ചതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പാരമ്പര്യ രീതിയിൽ തയ്യാറാക്കിയ കോവാക്സിൻ കൊറോണ വൈറസിനെ പൂർണമായും ഇല്ലാതാക്കുമെന്നായിരുന്നു ആദ്യഘട്ട പരീക്ഷണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. കൊറോണ വൈറസിന്റെ വകഭേദങ്ങൾക്കും ഈ വാക്സിൻ ഫലപ്രദമാണെന്ന് വ്യക്തമായതിനെ തുടർന്നാണ് അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്.പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കോവാക്സിൻ കുത്തിവെച്ചതോടെ വാക്സിന്റെ സ്വീകാര്യത വർദ്ധിക്കുകയും ചെയ്തു.
ബ്രിട്ടനിൽ നിന്നുണ്ടായ കൊറോണ വൈറസ് വകഭേദത്തേയും മറ്റ് വകഭേദങ്ങളേയും വൈറസ് ഇല്ലാതാക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും വ്യക്തമാക്കിയിട്ടുണ്ട്.
വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിക്കുന്നതായി ഭാരത് ബയോടെക്ക് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുചിത്ര എല്ല വ്യക്തമാക്കി. ഈ നേട്ടം സ്വന്തമാക്കാൻ അവരുടെ ആത്മാർത്ഥത വലിയ പങ്കു വഹിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post