കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിലെ ഭാരപരിശോധന ഇന്ന് പൂര്‍ത്തിയാകും. പരിശോധനാ റിപ്പോര്‍ട്ട് ഉച്ചയോടെ ഡി.എം.ആര്.സി സര്‍ക്കാരിന് കൈമാറിയേക്കും. പാലാരിവട്ടം ഫ്ലൈഓവറിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ ശ്രീധരന് അറിയിച്ചു. ഡിഎംആര്‍സി നിര്‍മ്മാണം ഏറ്റെടുത്തത് ലാഭം മുന്നില്‍ കണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു
‘ഇത് സന്തോഷ മുഹൂര്‍ത്തമാണ്. പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി.ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക നന്ദി. പാലം എന്ന് തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.’- അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയ്ക്കുള്ളില്‍ പാലം ആര് ബി ഡി സി കെയ്ക്ക് കൈമാറുമെന്നും ശ്രീധരന് അറിയിച്ചു.
പാലത്തിലുള്ള 35 മീറ്ററിന്റെയും, 22 മീറ്ററിന്റെയും സ്പാനുകളിലായിരുന്നു ഭാര പരിശോധന. പരിശോധനാ റിപ്പോര്‍ട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആര്‍ബിഡിസികെയും നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും. പെയിന്റിംഗ് പൊലുള്ള ചെറിയ ജോലികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. അഞ്ച് മാസവും പത്ത് ദിവസവും കൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Discussion about this post