ആഗ്ര: പട്ടികജാതിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഇരുപത് വർഷമായി ജയിലിൽ കഴിഞ്ഞയാളെ ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു. ഉത്തർ പ്രദേശ് സ്വദേശി വിഷ്ണു തിവാരിയാണ് അനീതിയുടെ പ്രതീകമായി ജീവിതം നഷ്ടമായ ഹതഭാഗ്യൻ. ജയിലിൽ പോകുമ്പോൾ ഇരുപത്തിമൂന്ന് വയസ്സുണ്ടായിരുന്ന വിഷ്ണു നാൽപ്പത്തിമൂന്നാം വയസ്സിലാണ് മോചനം നേടുന്നത്. അപ്പോഴേക്കും അയാൾക്ക് നഷ്ടമായത് ആയുസ്സിലെ നല്ല കാലവും കുടുംബവും സൽപ്പേരുമാണ്.
2000 സെപ്റ്റംബറിലാണ് പീഡനക്കേസില്‍ വിഷ്ണു അറസ്റ്റിലായത്. ലളിത്പുർ ജില്ലയിലെ ഒരു സ്ത്രീയാണ് പീഡനആരോപണവുമായി വിഷ്ണുവിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ നിയമവും ബലാത്സംഗത്തിനൊപ്പം ചേർത്തതോടെ വിഷ്ണു തടവിലായി.
വിഷ്ണു തിവാരി നിരപരാധിയാണെന്ന് കോടതി വിധിച്ചത് 2021 ജനുവരിയിലാണ്. ജയില്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞ ദിവസമാണ് ഇയാൾ ജയിൽ മോചിതനായത്. ജയിലിന് പുറത്ത് വിഷ്ണുവിനെ കാത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ ഉണ്ടായിരുന്നില്ല.
‘20 വര്‍ഷമായി ജയിലിലാണ്. എന്റെ ശരീരം തകര്‍ന്നിരിക്കുന്നു, അതുപോലെ തന്നെ എന്റെ കുടുംബവും. എനിക്ക് ഒരു അനുജന് മാത്രമേയുള്ളൂ. ഞാന്‍ വിവാഹിതനല്ല. എന്റെ കൈകള്‍ നോക്കൂ. ജയില്‍ അടുക്കളയില്‍ ജോലി ചെയ്യുന്നതില്‍ നിന്നുള്ള പൊള്ളലുകള്‍ എന്റെ കൈയിലുണ്ട്, ഒപ്പം ജയിൽ അധികൃതർ നൽകിയ 600 രൂപയും. ഞാൻ ഇനി എന്താണ് പ്രതീക്ഷിക്കേണ്ടത്?‘ വിഷ്ണു തിവാരി ചോദിക്കുന്നു.
Discussion about this post