ഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തീർത്ഥ് സിംഗ് റാവത്ത് ചുമതലയേൽക്കുമ്പോൾ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബുദ്ധിപരമായ നീക്കങ്ങൾക്ക് മുന്നിൽ വീണ്ടും അമ്പരക്കുകയാണ് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും. അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കേ മുഖ്യമന്ത്രിയെ മാറ്റി പാർട്ടിയെ ഉടച്ചു വാർക്കുകയാണ് ബിജെപി ദേശീയ നേതൃത്വം.
അതേസമയം കാർക്കശ്യക്കാരനായ ത്രിവേന്ദ്ര സിംഗിനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടു വരാനാണ് ബിജെപിയുടെ തീരുമാനം. ആർഎസ്എസ് പ്രചാരകനായിരുന്ന ത്രിവേന്ദ്രസിംഗിന്റെ സത്യസന്ധതയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ദേശീയ തലത്തിൽ ഉപയോഗിക്കാനാണ് ബിജെപിയുടെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് തീരുമാനത്തിന് പിന്നിൽ എന്നാണ് സൂചന.
കഴിഞ്ഞ നാല് വർഷക്കാലം ഒരു രൂപയുടെ അഴിമതിയാരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകിയില്ല എന്നതാണ് ത്രിവേന്ദ്ര സിംഗ് എന്ന സ്വയംസേവകനിൽ മോദി കാണുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുണങ്ങൾ ഏറെക്കുറേ അതേപോലെ പിന്തുടരുന്നു എന്നത് ത്രിവേന്ദ്ര സിംഗിനെ ആർ എസ് എസിനും പ്രിയങ്കരനാക്കുന്നു. അതേസമയം സംയമനം മുഖമുദ്രയാക്കിയ, സൗമ്യതയും നയപരമായ നിലപാടുകളും ഉൾക്കൊള്ളുന്ന തീർത്ഥ് സിംഗ് സംസ്ഥാന മുഖ്യമന്ത്രിയാകുന്നതിനെ ത്രിവേന്ദ്ര സിംഗ് സ്വാഗതം ചെയ്യുക കൂടി ചെയ്തതോടെ ബിജെപി പാളയത്തിൽ വിള്ളൽ വീഴ്ത്തി നേട്ടമുണ്ടാക്കാമെന്ന വിദൂരമായ വ്യാമോഹം പോലും കോൺഗ്രസിന് ഇനി ഉണ്ടാകില്ല.
ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഉപരിയായി ആർ എസ് എസ് എന്താണ് എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാകുകയാണ് സംതൃപ്തമായ ഉത്തരാഖണ്ഡിലെ പുതിയ ശുഭസൂചനകൾ.
Discussion about this post