ഡൽഹി: 2008ലെ ബട്ലാ ഹൗസ് ഏറ്റുമുട്ടൽ കേസിൽ ഇന്ത്യൻ മുജഹിദ്ദീൻ ഭീകരൻ ആരിസ് ഖാന് വധശിക്ഷ. 2008 മാർച്ച് സെപ്റ്റംബർ 19 ബട്ലാ ഹൗസിൽ നടന്ന ഏറ്റുമുട്ടലിൽ സ്പെഷ്യൽ സെൽ ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഡൽഹി കോടതി വധശിക്ഷ വിധിച്ചത്. കേസിൽ ആരിസ് ഖാൻ കുറ്റക്കാരനാണെന്ന് മാർച്ച് എട്ടാം തീയതി കോടതി വിധിച്ചിരുന്നു.
വധശിക്ഷയ്ക്ക് പുറമെ പതിനൊന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക ഉടൻ കെട്ടിവയ്ക്കണമെന്നും ഇതിൽ പത്ത് ലക്ഷം രൂപ കൊല്ലപ്പെട്ട ഇൻസ്പെക്ടർ ശർമ്മയുടെ ഭാര്യക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
കൊലപാതകം, കൊലപാതക ശ്രമം, സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ആരിസ് ഖാന്റെ മേൽ ചുമത്തിയിരുന്നത്. ആരിസ് ഖാനും കൂട്ടാളികളും മനപ്പൂർവ്വം കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വെടിയുതിർത്തതെന്നും ശിക്ഷ പ്രസ്താവിക്കവെ കോടതി വ്യക്തമാക്കി.
ബട്ലാ ഹൗസ് ഏറ്റുമുട്ടൽ സമയത്ത് പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ ആരിസ് ഖാനെ 2018ലാണ് പൊലീസ് പിടികൂടിയത്. ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് ബട്ലാ ഹൗസിൽ മറ്റ് നാല് ഭീകരരോടൊപ്പം ആരിസ് ഖാനും ഉണ്ടായിരുന്നു. അതീഫ് അമീൻ, മുഹമ്മദ് സാജിദ് എന്നീ ഭീകരർ അന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് സെയ്ഫ്, സീഷാൻ എന്നിവരെ പിന്നീട് പിടികൂടിയിരുന്നു.
2008 സെപ്റ്റംബർ മാസത്തിലായിരുന്നു ഡൽഹിയിലെ ബട്ലാ ഹൗസിൽ സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബട്ലാ ഹൗസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഷെഹ്സാദ് അഹമ്മദ് എന്ന ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരനെ 2013ൽ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
Discussion about this post