ഡൽഹി: കൊവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ- ഇംഗ്ലണ്ട് ട്വെന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനം. പരമ്പരയിൽ ഇനി മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാജ്യത്ത് 25,320 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ജനങ്ങളുടെ അനാസ്ഥയാണ് രോഗവ്യാപനം കൂടാൻ കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ കുറ്റപ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ആദ്യ മത്സരത്തിന് 67,532 കാണികളും രണ്ടാം മത്സരത്തിന് 66,000 കാണികളും അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. കൊവിഡ് വ്യാപനം രാജ്യത്ത് വീണ്ടും വർദ്ധിക്കുന്നത് ഐപിഎല്ലിന്റെ സാദ്ധ്യതകളെയും ഭീഷണിയിലാക്കുന്നുണ്ട്. ഏപ്രിൽ രണ്ടാം വാരമാണ് ഐപിഎൽ ആരംഭിക്കാനിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് മാസങ്ങൾ വൈകി സെപ്റ്റംബറിലായിരുന്നു കഴിഞ്ഞ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നടത്തിയത്.
Discussion about this post