തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങളാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. 51 മണ്ഡലങ്ങളിലായി 1,63,071 വ്യാജവോട്ടര്‍മാരുടെ വിവരങ്ങളാണ് ഇന്ന് പുറത്തു വിട്ടിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് ആകെ 2,16,510 വ്യാജവോട്ടർമാരുടെ പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ എത്തിയിരിക്കുന്നത്. മറ്റ് മണ്ഡലങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങൾ കൂടി ഉടൻ പുറത്തു വരുമെന്നാണ് സൂചന.
അക്ഷരാർത്ഥത്തിൽ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കപ്പെടുന്നതിന്റെ വിവരങ്ങളാണ് കേരളത്തിൽ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓരോ മണ്ഡലത്തിലെയും യഥാര്‍ത്ഥ ജനവിധി അട്ടിമറിക്കുന്നതിന് പര്യാപ്തമാണ് ആ മണ്ഡലങ്ങളിലെ വ്യജവോട്ടര്‍മാരുടെ എണ്ണം. യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടര്‍മാരെ സൃഷ്ടിക്കുകായണ് ചെയ്തിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. ഇത്തരത്തില്‍ തങ്ങളുടെ പേരില്‍ വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ചിട്ടുള്ള വിവരം പലപ്പോഴും യഥാര്‍ത്ഥ വോട്ടര്‍മാര്‍ അറിഞ്ഞിട്ടു പോലുമുണ്ടാകില്ല. സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാൻ വൻ ഗൂഢാലോചന നടന്നതായും രമേശ് ചെന്നിത്തല ആരോപിക്കുന്നു.











