പൂനെ: ബാറ്റിംഗിലും ബൗളിംഗിലും മികവ് കാട്ടിയ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ ജയം. 66 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ നിയോഗിക്കപ്പെട്ട ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ 42.1 ഓവറിൽ 251 റൺസിന് ഇംഗ്ലണ്ട് പുറത്തായി.
ഇന്ത്യക്ക് വേണ്ടി ഓപ്പൺ ശിഖർ ധവാൻ (98), ക്യപ്റ്റൻ വിരാട് കോലി (56), അവസാന ഓവറുകളിൽ തകർത്തടിച്ച കെ.എൽ.രാഹുൽ (43 പന്തിൽ 62*), അരങ്ങേറ്റക്കാരൻ ക്രുണാൽ പാണ്ഡ്യ (31 പന്തിൽ 58*) എന്നിവർ തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ചു. പിരിയാത്ത ആറാം വിക്കറ്റിൽ രാഹുൽ– ക്രുണാൽ സഖ്യം 112 റൺസ് അടിച്ചു കൂട്ടി.
മറുപടി ബാറ്റിംഗിൽ പതിവ് പോലെ ഓപ്പണർമാർ മികച്ച തുടക്കവുമായി ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. എന്നാൽ 35 പന്തിൽ 46 റൺസടിച്ച ജാസൺ റോയിയെ മടക്കി പുതുമുഖ താരം പ്രസീദ് കൃഷ്ണ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 14.2 ഓവറിൽ 135 റൺസിൽ എത്തിയിരുന്നു അപ്പോൾ ഇംഗ്ലണ്ട്. പിന്നീട് വന്ന സ്റ്റോക്സിനെയും മടക്കി പ്രസീദ് വരവറിയിച്ചു. 66 പന്തിൽ 94 റൺസ് നേടി മികച്ച ഫോമിൽ ബാറ്റിംഗ് തുടർന്ന ബെയർസ്റ്റോയെ ശാർദുൽ ഠാക്കൂർ കുൽദീപ് യാദവിന്റെ കൈകളിൽ എത്തിച്ചു. പിന്നീട് വന്ന ആർക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.
4 വിക്കറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണയും 3 വിക്കറ്റ് വീഴ്ത്തിയ ശാർദുൽ ഠാക്കൂറും ബൗളിംഗിൽ മികച്ച് നിന്നു. 9 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി ഭുവനേശ്വർ കുമാർ 2 വിക്കറ്റെടുത്തു. അരങ്ങേറ്റക്കാരൻ ക്രുണാൽ പാണ്ഡ്യക്ക് ഒരു വിക്കറ്റ് ലഭിച്ചു.
Discussion about this post