ഡൽഹി: തെരഞ്ഞെടുപ്പ് ബോണ്ടുകൾ വിൽക്കാമെന്ന് സുപ്രീംകോടതി. സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഏപ്രിൽ ഒന്നുമുതൽ ബോണ്ടുകൾ പുറത്തിറക്കാമെന്നും കോടതി വ്യക്തമാക്കി.
പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ബോണ്ടുകൾ വിൽക്കുന്നത് തടയാൻ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ആണ് ഇടക്കാല നിർദേശം തേടി കേസ് ഫയൽ ചെയ്തത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് ബോണ്ടുകൾ കൂടുതൽ വിൽക്കുന്നത് ‘ഷെൽ കമ്പനികൾ വഴി രാഷ്ട്രീയ പാർട്ടികളുടെ നിയമവിരുദ്ധമായ ധനസഹായം ഇനിയും വർദ്ധിപ്പിക്കുമെന്ന്’ അപേക്ഷയിൽ എ.ഡി.ആർ ആശങ്ക പ്രകടിപ്പിച്ചു.
എന്നാൽ വിധി പുറപ്പെടുവിക്കുമ്പോൾ ബോബ്ഡെ, ‘2018 ൽ അവതരിപ്പിച്ച പദ്ധതിയുടെ വെളിച്ചത്തിൽ’, തിരഞ്ഞെടുപ്പ് ബോണ്ടുകൾ ‘2018, 2019, 2020-ൽ തടസ്സമില്ലാതെ പുറത്തിറക്കി’ എന്ന് പറഞ്ഞു. ഈ ഘട്ടത്തിൽ സ്റ്റേ തുടരാൻ ഞങ്ങൾ ഒരു കാരണവും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏപ്രില്‍ ഒന്നുമുതൽ പുതിയ ബോണ്ടുകൾ പുറപ്പെടുവിക്കാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. 6,64,250 ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് 6535 കോടിയാണ് ഇതുവരെ സംഭാവനയായി ലഭിച്ചത്. ഇതിന്റെ 95 ശതമാനത്തിലേറെയും ബിജെപിക്കാണ് ലഭിച്ചിട്ടുള്ളത്.
2018 ലാണ് കേന്ദ്രസർക്കാർ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കാനായി തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി നടപ്പാക്കിയത്.
Discussion about this post