അമൃത്സര്‍: ബി.ജെ.പി എം.എല്‍.എയെ പഞ്ചാബിലെ കര്‍ഷകര്‍ മര്‍ദിച്ച സംഭവത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. എം.എല്‍.എ അരുണ്‍ നാരംഗിനെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തിന്റെ സമാധാനം തകര്‍ത്ത് നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി കര്‍ഷകരോട് അഭ്യര്‍ഥിച്ചു. കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി ഉടന്‍ അവസാനിപ്പിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അവ പിന്‍വലിക്കണമെന്നും അമരീന്ദര്‍ സിങ് പ്രധാനമന്ത്രി നന്ദ്രേമോദിയോട് ആവശ്യപ്പെട്ടു.
എം.എല്‍.എയെയും എം.എല്‍.എയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പൊലീസുകാരെയും മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ദിനകര്‍ ഗുപ്തക്ക് നിര്‍ദേശം നല്കി. എം.എല്‍.എയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫരീദ്കോട്ട് എസ്.പി ഗുര്‍മയില്‍ സിങ്ങിന് പരിക്കേറ്റിരുന്നു. തലക്ക് പരിക്കേറ്റ അദ്ദേഹം സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വാര്‍ത്താസമ്മേളനത്തിനെത്തിയ അബോഹര്‍ എം.എല്‍.എ അരുണ്‍ നാരംഗിനെ പഞ്ചാബിലെ കര്‍ഷകര്‍ കൈയേറ്റം ചെയ്യുകയും വസ്ത്രം കീറുകയുമായിരുന്നു. എം.എല്‍.എയുടെ ദേഹത്ത് കരിമഷി ഒഴിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനം അനുവദിക്കില്ലെന്ന് ശാഠ്യംപിടിച്ച കര്‍ഷകര്‍ മര്‍ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Discussion about this post