പുണെ: മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.
48.2 ഓവറില്‍ മുഴുവന്‍ വിക്കറ്റുകളും നഷ്ടപ്പെടുത്തി 329 റണ്‍സാണ് ഇന്ത്യ കുറിച്ചത്. ശിഖര്‍ ധവാന് (67), ഋഷഭ് പന്ത് (78), ഹാര്‍ദിക് പാണ്ഡ്യ (64) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോറുയര്‍ത്തിയത്.
ആദ്യ വിക്കറ്റില്‍ 37 റണ്‍സെടുത്ത രോഹിത് ശര്‍മയും ശിഖര്‍ ധവാനും വിക്കറ്റ് നഷ്ടപ്പെടാതെ സ്കോര്‍ 103 റണ്‍സിലെത്തിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇരുവരെയും മടക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. തൊട്ടുപിന്നാലെയെത്തിയ വിരാട് കോഹ്ലി (7) മുഈന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. അധികം വൈകാതെ ഫോമിലേക്ക് തിരിച്ചെത്തിയ കെ.എല്‍ രാഹുലും (7) മടങ്ങിയതോടെ ഇന്ത്യ തകരുമെന്ന് തോന്നിച്ചെങ്കിലും ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് സഖ്യം ഇന്ത്യയെ എടുത്തുയര്‍ത്തുകയായിരുന്നു.
പാണ്ഡ്യയുടേയും പന്തിന്റെയും ബാറ്റില്‍ നിന്നും അഞ്ച് വീതം ബൗണ്ടറികളും നാല് വീതം സിക്സറുകളും പറന്നു. ക്രുനാല്‍ പാണ്ഡ്യ (25), ഷര്‍ദുല്‍ ഠാക്കൂര്‍ (30) എന്നിവര്‍ കുറിച്ച സ്കോറുകളാണ് ഇന്ത്യയെ 300 കടത്തിയത്. വാലറ്റക്കാരായ ഭുവനേശ്വര്‍ കുമാര്‍ (3), പ്രസിദ് കൃഷ്ണ (0), ടി നടരാജന് (0) എന്നിവര്‍ അേമ്ബ പരാജയമായത് ഇന്ത്യക്ക് വിനയായി. ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്നും ആദില്‍ റഷീദ് രണ്ടുവിക്കറ്റും വീഴ്ത്തി.
Discussion about this post