മുംബൈ: വ്യവസായി മൻസുഖ് ഹിരണിനെ കൊലപ്പെടുത്തിയത് വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചെന്ന് എൻ ഐ എ. മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ തെളിവ് നശിപ്പിക്കാനായിരുന്നു കൊലപാതകമെന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സംഭവസ്ഥലത്ത് കൊണ്ടിട്ട കുറ്റം ഏറ്റെടുക്കാൻ മൻസുഖ് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം.
താനെയിലെ കടലിലേക്ക് മൻസുഖിനെ വലിച്ചെറിയുന്നതിന് മുൻപ് അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി എൻ ഐ എയുടെ പ്രാഥമിക കണ്ടെത്തലിൽ പറയുന്നു. ഹിരണിന്റെ വായിലേക്ക് നിരവധി തൂവാലകൾ തിരുകി കയറ്റിയിരുന്നു. മറ്റൊരു തുണി ഉപയോഗിച്ച് അദ്ദേഹത്തിന്റെ മുഖം മുറുക്കി കെട്ടിയിരുന്നു. ഇതോടെ അദ്ദേഹത്തിന് ശ്വാസം മുട്ടി. ആദ്യം മൻസുഖ് ചെറുത്തു നിൽക്കാൻ ശ്രമിച്ചുവെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഹിരണിന്റെ വായ മൂടിയിരുന്നതായും നാവ് വായയ്ക്കുള്ളിലായിരുന്നുവെന്നും ദുർഗന്ധമുള്ള രക്തം കലർന്ന ദ്രാവകം അദ്ദേഹത്തിന്റെ നാസാദ്വാരങ്ങളിൽ നിറഞ്ഞിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുഖത്ത് പോറലുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് അഞ്ചാം തീയതിയായിരുന്നു മൻസുഖ് ഹിരണിന്റെ മൃതദേഹം കടൽത്തീരത്ത് നിന്നും കണ്ടെടുത്തത്. സംഭവം നടന്ന സമയത്ത് കുറ്റാരോപിതനായ സച്ചിൻ വാസെ സ്ഥലത്തുണ്ടായിരുന്നതായി അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ സ്ക്വാഡും എൻ ഐ എയും അന്വേഷണം ശക്തമാക്കിയത് കുറ്റവാളികളെ സമ്മർദ്ദത്തിലാക്കിയിരുന്നതായും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിലും മൻസുഖ് ഹിരണിന്റെ കൊലപാതകത്തിലും സച്ചിൻ വാസെയാണ് ഗൂഢാലോചന നടത്തിയത് എന്ന് ഉറപ്പിക്കുന്ന തെളിവുകളാണ് എൻ ഐ എക്ക് ലഭിച്ചിരിക്കുന്നത്.
Discussion about this post