ഡൽഹി: രാജ്യത്ത് മുത്തലാഖ് നിരോധനം നിലവിൽ വന്ന ശേഷം ഇരയ്ക്ക് അനുകൂലമായി നിർണ്ണായക കോടതി വിധി. അതിയ സാബ്രി എന്ന പരാതിക്കാരിക്ക് അനുകൂലമായാണ് സഹരൺപുർ കുടുംബ കോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്. യുവതിക്ക് പ്രതിമാസം ഇരുപത്തോരായിരം രൂപ ജീവനാംശം നൽകണമെന്നും കോടതി ചെലവും നഷ്ടപരിഹാരവുമായി ഒറ്റത്തവണയായി യുവതിക്ക് പതിമൂന്ന് ലക്ഷത്തിനാൽപ്പതിനായിരം രൂപ നൽകണമെന്നും കോടതി ഭർത്താവിനോട് ആവശ്യപ്പെട്ടു.
2012 മാർച്ച് 25നായിരുന്നു വാജിദ് അലി, സാബ്രിയെ വിവാഹം കഴിച്ചത്. ഒരു വർഷത്തിന് ശേഷം സാബ്രി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. 2014ൽ ഇവർ രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഭർത്താവും ഭർതൃബന്ധുക്കളും ചേർന്ന് അതിയ സാബ്രിയെ ഉപദ്രവിക്കാനും അപമാനിക്കാനും തുടങ്ങി. ആൺകുഞ്ഞിനെ പ്രസവിക്കുന്നില്ലെന്നും സ്ത്രീധനം ഇനിയും വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. തുടർന്ന് 2015ൽ ഇവരെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നു.
2015 നവംബറിൽ തന്നെ സാബ്രി കോടതിയെ സമീപിച്ചു. കൂടാതെ മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സുപ്രീം കോടതിയെ സമീപിച്ചു. ഇതിനെ തുടർന്നാണ് മുത്തലാഖ് നിരോധനം എന്ന ചരിത്രപരമായ തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ എത്തിയത്. ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് പരാതികൾ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
പതിനാലായിരം വർഷം പഴക്കമുണ്ടായിരുന്ന പ്രാകൃത നിയമത്തിനെതിരെ വിധി പറഞ്ഞ കോടതിക്കും നിരവധി ഭീഷണികളെയും രാഷ്ട്രീയ സമ്മർദ്ദങ്ങളെയും അതിജീവിച്ച് മുസ്ലിം വനിതകളുടെ ശാക്തീകരണത്തിനായി നില കൊണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നതായി അതിയ സാബ്രി പറഞ്ഞു.
Discussion about this post