മുംബൈ: കൊവിഡ് വ്യാപനം ഐപിഎല്ലിനെ പ്രതിസന്ധിയിലാക്കുന്നു. കളിക്കാർക്ക് പുറമെ പ്രക്ഷേപണ സംഘാംഗങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചതാണ് ടൂർണമെന്റിന് ഭീഷണിയാകുന്നത്. പ്രക്ഷേപണ സംഘത്തിലെ പതിനാല് പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ പ്രമുഖ താരങ്ങളായ അക്സർ പട്ടേലിനും ദേവ്ദത്ത് പടിക്കലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ ചില ഗ്രൗണ്ട് ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. കാമറാമാനും പ്രൊഡ്യൂസർക്കും ഡയറക്ടർക്കും ഇവിഎസ് ഓപ്പറേറ്റർമാർക്കും വീഡിയോ എഡിറ്റർമാർക്കുമാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.
സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് സ്റ്റാർ സ്പോർട്സ് ബിസിസിഐയെ അറിയിച്ചതായാണ് സൂചന. ഐപിഎല്ലിന്റെ ഭാഗമായി ബിസിസിഐ നിരവധി ബയോ ബബിൾസ് രൂപീകരിച്ചിരുന്നു. എന്നാൽ ഇതിനിടയിലും കൊവിഡ് പടരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
മുംബൈയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് ടൂർണമെന്റിന്റെ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ മുംബൈയുടെ മത്സരങ്ങൾക്ക് വേദിയൊരുക്കാമെന്ന് ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങൾ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ സ്ഥിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെടുന്നത്.
Discussion about this post