ആലപ്പുഴ: ചേരിതിരിഞ്ഞ് തമ്മിലടിച്ച മുസ്ലിംലീഗ് നേതാക്കള്‍ പോളിംഗ് ബൂത്തിന് മുന്നിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സക്കറിയ ബസാറില്‍ വൈഎംഎംഎ എല്‍പി സ്‌കൂളിലെ പോളിങ് ബൂത്തിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറിനെ ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എ എം നൗഫല്‍ കൈയേറ്റം ചെയ്തതറിഞ്ഞ് എത്തിയ ഗഫൂറിന്റെ സഹോദരന്‍ ബി എ നസീര്‍ തിരിച്ചടിക്കുകയായിരുന്നു. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അടിയായി. അടിപിടിയില്‍ പൊലീസിന് നേരെയും ആക്രമണമുണ്ടായി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ പിടിച്ചുതളളിയ എ എം നൗഫലിനെ പൊലീസ് അറസ്റ്റ്‌ചെയ്ത് മാറ്റി. ഇതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.
ആലപ്പുഴ നഗരസഭയില്‍ ലീഗിന്റെ ദയനീയ പരാജയത്തിന് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകമാണെന്ന് ഗഫൂര്‍ പരസ്യമായി പറഞ്ഞിരുന്നു. ജില്ലാ പ്രസിഡന്റിന്റെ കുടുംബക്കാര്‍ സീറ്റ് പങ്കിട്ടെന്നായിരുന്നു ആക്ഷേപം. പരാജയത്തിനുത്തരവാദി ജില്ലാ നേതൃത്വമാണെന്നും തുറന്നുപറഞ്ഞതോടെ ഗഫൂറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു.
Discussion about this post