തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധന ഫലം പുറത്ത്. ഇന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായി. ഇന്ന് വൈകുന്നേരം 3 മണിയോടെ അദ്ദേഹം ആശുപത്രി വിടുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.
ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. മുഖ്യമന്ത്രിക്ക് ഇപ്പോൾ കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. കൊവിഡ് ലക്ഷണമില്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ഭാര്യയും ഇന്ന് ആശുപത്രി വിടും. മുഖ്യമന്ത്രിയും കുടുംബവും വീട്ടിൽ നിരീക്ഷണത്തിൽ തുടരും. മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാനും കൊവിഡ് നെഗറ്റീവാണ്.
മുഖ്യമന്ത്രിയുടെ മകൾ ഇന്നലെ കൊവിഡ് നെഗറ്റീവായെങ്കിലും ആശുപത്രിയിൽ തുടരും. മരുമകൻ മുഹമ്മദ് റിയാസിന്റെ പിതാവ് കൊവിഡ് പോസിറ്റീവായി ഐസിയുവിൽ തുടരുന്നതിനാലാണ് ഇത്.
Discussion about this post