കൊച്ചി: വാട്സ്ആപ്പ് ലക്കി ഡ്രോ എന്ന പേരില്‍ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങളെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സ്ആപ്പും ഇന്ത്യയിലെ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരും ചേര്‍ന്നാണെന്നാണ് തട്ടിപ്പുകാര്‍ പറയുന്നത്. തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നല്‍കുന്നത് വാട്സ്ആപ്പ് വിന്നേഴ്സ് സര്‍ട്ടിഫിക്കറ്റെന്ന ചൂണ്ടയാണ്. സീലും ഒപ്പും ബാര്‍ കോഡും ക്യൂ ആര് കോഡുമൊക്കെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സര്‍ട്ടിഫിക്കറ്റില്‍ വിജയിയുടെ പേരും ഫോണ്‍ നമ്പറും അടക്കം നല്കിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും, സമ്മാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാകും.
വാട്സ്ആപ്പ് വിന്നേഴ്സ് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന ക്യൂ ആര് കോഡും മറ്റും ഒരു കാരണവശാലും സ്കാന്‍ ചെയ്യരുതെന്നും പൊലീസ് പറഞ്ഞു. വിവരങ്ങള്‍ക്കായി സ്കാന്‍ ചെയ്താല്‍ ഫോണിലെ ബാങ്കിങ് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോര്‍ത്താനും ഇതിലൂടെ പണം നഷ്ടമാകാനും സാധ്യതയുണ്ട്. ഇമെയില്‍ ഐ.ഡി ലക്കി ഡ്രോയില്‍ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോണ്‍ നമ്പർ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്റെ പുതിയ രൂപമാണ് വാട്സ്ആപ്പ് വഴി നടക്കുന്നതെന്നും കേരള പൊലീസ് ഔദ്യോഗി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
Discussion about this post