ആലപ്പുഴ: മന്ത്രി സുധാകരന്റെ ‘രാഷ്ട്രീയ ക്രിമിനലിസം‘ പരാമർശത്തിൽ സിപിഎമ്മിൽ തമ്മിലടി. മന്ത്രിയുടെ പരാമർശത്തിനെതിരെ എ എം ആരിഫ് എം പി രംഗത്ത് വന്നു.
സിപിഎമ്മിൽ രാഷ്ട്രീയ ക്രിമിനലിസം ഉള്ളതായി അറിയില്ലെന്ന് ആരിഫ് പറഞ്ഞു. അങ്ങനെ ഉണ്ടങ്കിൽ അത് ആരാണെങ്കിലും നടപടി എടുക്കാനുളള ശക്തി പാർട്ടിക്കുണ്ട്. രാഷ്ട്രീയ ക്രിമിനലുകൾ സിപിഎമ്മിലുണ്ടെന്ന് സുധാകരൻ പറഞ്ഞിട്ടില്ല. എല്ലാ പാർട്ടികളിലും ഉണ്ടെന്നാണ് പറഞ്ഞതെന്നും ആരിഫ് പറഞ്ഞു.
അതേസമയം മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് പരാതിക്കാരിയായ സ്ത്രീ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. മന്ത്രിക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പരാതിക്കാരി പറഞ്ഞു.
പരാതി നൽകി അഞ്ച് ദിവസം ആയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അമ്പലപ്പുഴ ആലപ്പുഴ സ്റ്റേഷനുകളിൽ പരാതി തട്ടി കളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആക്ഷേപം.
മന്ത്രി ജി സുധാകരനെതിരെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ഭാര്യ പരാതി നൽകിയത് സിപിഎമ്മിൽ കടുത്ത വിഭാഗീയത ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് സൂചന. വിഷയത്തിൽ പാർട്ടി രണ്ട് തട്ടിലാണ്. പൊതുവിൽ മന്ത്രിയെ ന്യായീകരിക്കുന്ന പലരും രഹസ്യമായി മന്ത്രിക്കെതിരാണെന്നാണ് റിപ്പോർട്ട്. പാർട്ടി നടത്തിയ അനുനയ നീക്കങ്ങൾ പോലും അവഗണിച്ച് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ഭാര്യ മന്ത്രി ജി സുധാകരനെതിരെ വിട്ട് വീഴ്ച ഇല്ലാതെ നീങ്ങുന്നത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.












