കൊവിഡ് പരിശോധനയ്‌ക്കായി നിലവില്‍ ഉപയോഗിക്കുന്ന ടെസ്‌റ്റിംഗ് രീതികള്‍ ആന്റിജന്‍ പരിശോധനയും ആര്‍.ടി.പി.സി.ആര്‍ പരിശോധനയുമാണ്. ഇതില്‍ ഏറ്റവും കൃത്യമായ വിവരം നല്‍കുന്നത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ്. എന്നാല്‍ നിലവില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം ലഭിക്കാന്‍ വന്‍ നഗരങ്ങളില്‍ രണ്ട് മുതല്‍ അഞ്ച് ദിവസം വരെയെടുക്കുന്നു എന്ന് വാര്‍ത്തകളുണ്ട്. ഈ സാഹചര്യം ഒഴിവാക്കി ഉടന്‍ തന്നെ സാമ്പിൾ ഫലം ലഭിക്കാനുളള ഒരു ഉപകരണം തയ്യാറാക്കിയിരിക്കുകയാണ് ഐ.ഐ.ടി ഖരക്‌പൂര്‍. ‘കൊവിറാപ്’ എന്നാണ് ഇതിന്റെ പേര്.
ഐ.ഐ.ടിയിലെ ഗവേഷകരായ പ്രൊഫസര്‍ സുമന്‍ ചക്രബര്‍ത്തി, ഡോക്‌ടര്‍ ആരിന്ധം മൊണ്ടാള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗവേഷണ വിഭാഗമാണ് ഈ വിദ്യ കണ്ടെത്തിയത്.
ഇന്ത്യയിലെ റാപ്പിഡ് ഡയഗനോസ്‌റ്റിക് ഗ്രൂപ്പ്, അമേരിക്കയിലെ ബ്രമേര്‍ട്ടണ്‍ ഹോള്‍ഡിംഗ്സ് എന്നിവര്‍ക്ക് ഇത് വിപണിയിലെത്തിക്കുന്നതിന് അനുമതി ലഭിച്ചുകഴിഞ്ഞു.
അതിവേഗം രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഈ ഉപകരണം ആവശ്യം വരുമെന്നാണ് ഐ.ഐ.ടി ഡയറക്‌ടര്‍ പ്രൊഫ. വി.കെ തിവാരി പറയുന്നത്. വെറും 45 മിനിട്ടുകള്‍ കൊണ്ട് കൊവിഡ് പരിശോധനാ ഫലം ലഭ്യമാക്കാന്‍ കൊവിറാപ്പിനാകും. കൊവിഡ് പരിശോധനയ്‌ക്ക് പുറമേ ക്ഷയരോഗം കണ്ടെത്താനും ഈ ഉപകരണം ഉപയോഗിക്കാന്‍ കഴിയുമെന്ന് ഐ.ഐ.ടി അധികൃതരും റാപ്പിഡ് ഡയഗനോസ്‌റ്റിക് ഗ്രൂപ്പും അവകാശപ്പെടുന്നു.
പല ഘട്ടങ്ങളായുളള ഐസോതെര്‍മല്‍ ന്യൂക്ളിക് ആസിഡ് പരിശോധനാ സാങ്കേതിക വിദ്യയാണ് കൊവിറാപില്‍ ഉപയോഗിക്കുന്നത്. വ്യക്തമായ ഫലം ലഭിക്കുന്നതിന് ഈ ഉപകരണത്തോടൊപ്പം ഒരു ആപ്പും തയ്യാറാക്കിയിട്ടുണ്ട്. മൂക്കില്‍ നിന്നും വായില്‍ നിന്നും സ്വീകരിക്കുന്ന സാമ്പിളുകള്‍ ഒരു പ്രത്യേക ലായനിയില്‍ ചേര്‍ത്ത് ഉടന്‍ തന്നെ ഫലം ലഭിക്കുന്നതാണ് കൊവിറാപ്പിന്റെ രീതി. ടെസ്‌റ്റുകളില്‍ മികച്ച ഫലമാണ് ഉപകരണത്തിന് ലഭിച്ചത്. അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഘട്ടത്തില്‍ ഫലം അറിയാനായി ഉപയോഗത്തിന് അനുമതി കാത്തിരിക്കുകയാണ് ഐ.ഐ.ടി ഗവേഷകര്‍.
Discussion about this post