ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്തെ നിതി താഴ്വരയിലുണ്ടായ മഞ്ഞിടിച്ചിലിൽ 8 പേർ മരിച്ചു. അപകടത്തിൽ പെട്ട 384 പേരെ ഇതിനോടകം രക്ഷപ്പെടുത്തി.
അതിർത്തിയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബോർഡർ റോഡ് ഓർഗനൈസേഷൻ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുകയാണ്.
ആഭ്യന്തര മന്ത്രി അമിത് ഷാ സഹായം ഉറപ്പു നല്‍കിയെന്നും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർത്ഥ് സിംഗ് റാവത്ത് അറിയിച്ചു.
അതേസമയം പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഋഷി ഗംഗാ നദിയിലെ ജലനിരപ്പ് രണ്ടടി ഉയര്ന്നതായി ദേശീയ ദുരന്ത നിവാരണ സേന വൃത്തങ്ങള് പറഞ്ഞു. പ്രദേശത്ത് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ഇവിടെ അഞ്ച് ദിവസമായി കനത്ത മഞ്ഞ് വീഴ്ചയും മഴയും തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ച കാരണം അപകടം നടന്ന പ്രദേശത്തേക്ക് എത്തിച്ചേരാൻ രക്ഷാപ്രവർത്തകർക്ക് ആദ്യം സാധിച്ചിരുന്നില്ല.
ഫെബ്രുവരിയില്‍ ചമോലിയില്‍ ഉണ്ടായ മഞ്ഞിടിച്ചില്‍ ദുരന്തത്തില്‍ എണ്‍പതോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.
Discussion about this post