തിരുവനന്തപുരം: കേരളത്തിൽ കൊവിൻ പ്ലാറ്റ്ഫോം വഴിയുള്ള വാക്സിൻ രജിസ്ട്രേഷൻ തടസ്സപ്പെട്ട അവസ്ഥയിലാണ്. കൊവിൻ വഴി വാക്സിൻ രജിസ്ടർ ചെയ്യാൻ സാധിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എല്ലാ ജില്ലകളിലും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ നോക്കുമ്പോൾ ഒരു ദിവസവും സ്ലോട്ട് ലഭ്യമാകുന്നില്ല.
കഴിഞ്ഞ ദിവസം മുതല്‍ സ്വകാര്യ ആശുപത്രിയിലടക്കം വാക്‌സിന്‍ ലഭിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. സ്‌പോട്ട് രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജനങ്ങള്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രം വാക്‌സിന്‍ ലഭിക്കുന്ന അവസ്ഥയുണ്ടായി.
എന്നാൽ മാസങ്ങൾക്കപ്പുറം പോലും വാക്‌സിനേഷനായി തീയതി ലഭിക്കാത്ത അവസ്ഥയാണ് കേരളത്തില്‍ നിലവിലുള്ളത്. രണ്ടാമത്തെ ഡോസ് കൃത്യസമയത്ത് ലഭിക്കുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.












