ചരിത്രനേട്ടവുമായി ഇന്ത്യൻ പ്രതിരോധ ഗവേഷകർ.ഹെലിക്കോപ്ടർ എഞ്ചിനുകൾക്കുള്ള സിംഗിൾ ക്രിസ്റ്റൽ യന്ത്രഭാഗങ്ങൾ നിർമ്മിക്കുന്ന അതിനൂതന സാങ്കേതികവിദ്യയാണ് ഡി ആർ ഡി ഒയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ഈ സാങ്കേതികവിദ്യ ലഭ്യമായത് ലോകത്താകെ നാലു രാജ്യങ്ങൾക്ക് മാത്രമാണ്.
പ്രധാനമായും അമേരിക്ക, റഷ്യ, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഇന്ന് ലോകത്ത് സിംഗിൾ ക്രിസ്റ്റൽ യന്ത്രഭാഗങ്ങൾ നിർമ്മിയ്ക്കുന്ന സാങ്കേതികവിദ്യ ലഭ്യമായുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഇരുപത്തിയഞ്ച് ഹെലികോപ്ടർ ബ്ളേഡുകൾ ഡി ആർ ഡി ഓ ഹിന്ദുസ്ഥാൻ എയ്രോനോട്ടിക്സ് ലിമിറ്റഡിനു കൈമാറിയത്. ഹെലികോപ്ടർ എഞ്ചിനുകളുടെ സാങ്കേതികവിദ്യ തനതായി വികസിപ്പിച്ചെടുക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. പ്രതിരോധ രംഗത്തും ഹെലികോപ്ടർ നിർമ്മാണരംഗത്തും വലിയ കുതിച്ചുചാട്ടമാണ് ഇതുവഴി ഉണ്ടാകാൻ പോകുന്നത്.
“ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ഏറ്റവും പ്രധാന ലബോറട്ടറികളിലൊന്നായ ഡിഫൻസ് മെറ്റലർജിക്കൽ ലബോറട്ടറിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സിംഗിൾ ക്രിസ്റ്റൽ ഹൈ പ്രഷർ ടർബൈൻ ബ്ളേഡുകൾ മൂന്നൂറെണ്ണം ഉണ്ടാക്കാനാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി നിക്കൽ അടിസ്ഥാനമാക്കിയുള്ള സൂപ്പർ കൂട്ടുലോഹം ഉപയോഗിച്ചാണ് ഇപ്പോൾ ഈ ബ്ളേഡുകൾ നിർമ്മിച്ചത്”. ഡി ആർ ഡി ഒ വക്താവ് മാദ്ധ്യമങ്ങളെ അറിയിച്ചു.
ഹെലികോപ്ടറുകൾക്കും വിമാന യന്ത്രഭാഗങ്ങൾക്കും വലിയ താപനിലകൾ തരണം ചെയ്യാൻ കഴിയേണ്ടുന്ന യന്ത്രഭാഗങ്ങൾ ആവശ്യമാണ്. എന്നാൽ ആ ഭാഗങ്ങളുടെ കാര്യക്ഷമതയും ശക്തിയും കുറയാനും പാടില്ല. സിംഗിൾ ക്രിസ്റ്റൽ സാങ്കേതികവിദ്യ അവിടെയാണ് ഉപയോഗപ്പെടുത്തുന്നത്. ഹെലികോപ്ടറുകളിൽ മാത്രമല്ല ഗ്യാസ് ടർബൈനുകളിൽ മുതൽ മിസൈലുകളിലും ശൂന്യാകാശവാഹനങ്ങളിലും വരെ സിംഗിൾ ക്രിസ്റ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കാനാകും.
ഇതോടുകൂടി പ്രതിരോധ വ്യോമയാന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. വിദേശ ഹെലികോപ്ടറുകളെയും വിമാനഭാഗങ്ങളേയും ആശ്രയിക്കേണ്ടുന്ന അവസ്ഥയിൽ നിന്ന് ഈ ഉപകരണങ്ങളുടെ കയറ്റുമതി ചെയ്യുന്ന രാജ്യമാക്കി ഇന്ത്യയെ വളർത്താൻ ആസൂത്രണം ചെയ്ത പ്രതിരോധരംഗത്തെ ആത്മനിർഭര ഭാരതമെന്ന ലക്ഷ്യത്തിലേക്കാണ് നാം നടന്നുകയറുന്നത്.
Discussion about this post