തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം സംസ്ഥാനത്ത് 75ശതമാനത്തിന് മുകളിൽ എത്തിയിരിക്കാമെന്നാണ് റിപ്പോർട്ട്. വളരെയധികം കരുതലെടുത്തില്ലെങ്കില്‍ ഡൽഹിക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്നാണ് സൂചന.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ പ്രതിദിന രോഗികളുടെ എണ്ണം ഒരാഴ്ച കൊണ്ട് അമ്പതിനായിരത്തിന് മുകളിലെത്താനാണ് സാധ്യത. ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം അതിരൂക്ഷമാണ്. ഇപ്പോഴത്തെ അതിരൂക്ഷ രോഗവ്യാപനത്തിന് കാരണം ഈ വൈറസിന്റെ സാന്നിദ്ധ്യമാണ്. രോഗ വ്യാപന തീവ്രത അതിവേഗമായകതിനാല്‍ രോഗികളുടെ എണ്ണം കൂടാനാണ് സാധ്യത.
കരുതിയിരുന്നില്ലെങ്കില്‍ ആശുപത്രി സംവിധാനങ്ങൾക്ക് താങ്ങാൻ പറ്റാത്ത സ്ഥിതിവിശേഷമുണ്ടാകും. മുന്നാഴ്ച മുമ്പ് ഡൽഹിയിൽ ഉണ്ടായ അവസ്ഥയ്ക്ക് സമാനമാണ് കേരളത്തിലെ നിലവിലെ സാഹചര്യം. ഓക്സിജൻ കൂടുതലായി വേണ്ടി വന്നേക്കാം. രോഗ മുക്തി നിരക്കിൽ കുറവുണ്ടാകാമെന്നും കേരളത്തിലെ ജനിതക വ്യാപനത്തെ കുറിച്ച് പഠനം നടത്തിയ വിദഗ്ധര്‍ അവലോകന യോഗത്തില്‍ വ്യക്തമാക്കി.
രോഗ വ്യാപനവും തീവ്രതയും നിലവിലെ സാഹചര്യത്തിൽ ഇനിയും ഉയർന്നാൽ സംസ്ഥാനത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ മതിയാകാതെ വരുമെന്നും ഇത് അത്യന്തം ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post