ഒട്ടാവ: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ഡല്‍ഹിയില്‍ ആംബുലന്‍സുകള്‍, പിപിഇ കിറ്റ് തുടങ്ങിയവ വാങ്ങുന്നതിനായി 10 മില്യന്‍ കനേഡിയന്‍ ഡോളര്‍ (60 കോടി രൂപ) അയയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞു. കനേഡിയന്‍ റെഡ് ക്രോസിന് കൈമാറി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വഴിയാണ് പണം എത്തിക്കുക.
‘സുഹൃത്തുക്കള്‍ക്കു വേണ്ടി അവിടെയുണ്ടാകണമെന്ന് ഞങ്ങള്‍ക്ക് അറിയാം. സാധിക്കുന്ന രീതിയിലെല്ലാം പിന്തുണയ്ക്കാന്‍ തയാറാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്’ ട്രൂഡോ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി കാനഡ വിദേശകാര്യമന്ത്രി മാര്‍ക് ഗാര്നിയു ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം ഓക്സിജന്‍ കോണ്സന്ട്രേറ്റര്, വെന്റിലേറ്ററുകള്‍, മരുന്നുകള്‍ എന്നിവ ഇന്ത്യയിലെത്തിക്കുന്നതിനും നീക്കമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് സഹായങ്ങള്‍ എത്തുകയാണ്. യുകെയില്‍നിന്ന് വന്‍തോതില്‍ വെന്റിലേറ്ററുകളും ഓക്സിജന്‍ ഉപകരണങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച 100 വെന്റിലേറ്ററുകളും 95 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും എത്തി.
500 വെന്റിലേറ്ററുകളും 15 ലക്ഷം മാസ്ക്, ഫെയ്സ്ഷീല്‍ഡ് എന്നിവയും ഇന്ത്യയ്ക്കു നല്‍കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചു. ഭൂട്ടാന് ഇന്ത്യയിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യും.
ഫ്രാന്‍സ് രണ്ട് ഘട്ടങ്ങളായാണ് ഉപകരണങ്ങള്‍ എത്തിക്കുക. ഈ ആഴ്ച എട്ട് വലിയ ഓക്സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ രാജ്യത്ത് എത്തിക്കും. അടുത്ത ആഴ്ച ദ്രവീകൃത ഓക്സിജന്‍ കണ്ടെയ്നറുകളും കൊണ്ടുവരും. അയര്‍ലന്‍സ് 700 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഈ ആഴ്ച തന്നെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post