ഡൽഹി: കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി കരസേനയെ അടിയന്തിരമായി സജ്ജമാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കരസേനാ മേധാവി എം എം നരവനെയും തമ്മിൽ അടിയന്തിര ചർച്ചകൾ നടത്തി. കോവിഡ് പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി കരസേന നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പരിപാടികൾ കരസേനാമേധാവി പ്രധാനമന്ത്രിയെ അറിയിച്ചു.
സേനാംഗങ്ങൾക്ക് മാത്രമല്ലാതെ പൊതുജനങ്ങൾക്ക് വേണ്ടി സേനാ ആശുപത്രികൾ തുറന്നുകൊടുക്കുമെന്ന് കരസേനാമേധാവി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് അവരുടെ ഏറ്റവുമടുത്തുള്ള സേനാ ആശുപത്രിയെ കോവിഡ് ചികിത്സയ്ക്കായി സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഓക്സിജൻ വിതരണത്തിനായി കരസേന എല്ലാ ശക്തിയോടെയും പ്രവർത്തിക്കുന്നതായി എം എം നരവനെ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ കരസേനയുൾപ്പെടെ സകലസേനകളുടെയും എല്ലാ ശക്തിയും സൗകര്യങ്ങളും കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും ഉപയോഗിക്കാൻ സർക്കാർ തീരുമാനം ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. അതിനിടെയാണ് കരസേനാ മേധാവിയും പ്രധാനമന്ത്രിയും അടിയന്തിര ചർച്ചകൾ നടത്തിയത്.
കഴിഞ്ഞ ദിവസം ഇന്ത്യൻ വായുസേനാമേധാവി ആർ. കെ. എസ് ബദൗരിയയുമായും പ്രധാനമന്ത്രി അടിയന്തിര ചർച്ചകൾ നടത്തിയിരുന്നു. ഓക്സിജൻ എത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ ഉപയോഗിക്കുന്നതിനും രാജ്യം ആവശ്യപ്പെട്ടാൽ വ്യോമസേനയുടെ മുഴുവൻ സന്നാഹങ്ങളും മുഴുവൻ സമയം കോവിഡ് നിയന്ത്രണത്തിനു ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.
Discussion about this post