ഡൽഹി: കൊവിഡ് വാക്സിനും ഓക്സിജനും രാജ്യത്ത് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ. ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ നിലവിൽ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷക്കണക്കിന് വാക്സിൻ ഡോസുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷനിലെ പ്രകടനം അനുസരിച്ചാണ് സംസ്ഥാനങ്ങൾക്ക് വാക്സിനുകൾ വിതരണം ചെയ്യുന്നത്. സംസ്ഥാനങ്ങൾക്ക് ഇതു വരെ 16 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തുവെന്നും അതിൽ 15 കോടിയും ജനങ്ങൾക്ക് ലഭ്യമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിൻ വിതരണം ആരംഭിച്ചത് മുതൽ ഇന്ന് വരെ സംസ്ഥാനങ്ങൾക്ക് യോഗ്യമായ തോതിൽ വാക്സിൻ നൽകാത്ത ഒരു ദിവസം പോലും കടന്ന് പോയിട്ടില്ലെന്നും ഹർഷവർധൻ ഓർമ്മിപ്പിച്ചു.
രാജ്യത്ത് നേരത്തെയും ഓക്സിജന് ക്ഷാമമുണ്ടായിരുന്നില്ല. ഇപ്പോൾ നിരവധി സ്രോതസ്സുകളിൽ നിന്നും ഓക്സിജൻ ലഭ്യമാക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ഭൂരിപക്ഷം കൊവിഡ് രോഗികൾക്കും വീട്ടിലെ വിശ്രമം കൊണ്ടു തന്നെ രോഗം ഭേദമാകുമെന്നും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും ഡോക്ടർ ഹർഷവർധൻ പറഞ്ഞു. താൻ ഇത് പറയുന്നത് ആരോഗ്യ മന്ത്രി എന്ന നിലയിലല്ലെന്നും ഒരു ഡോക്ടർ എന്ന നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post