കൊൽക്കത്ത: ബംഗാളിലെ നന്ദിഗ്രാമിൽ എട്ടു റൌണ്ട് പിന്നിടുമ്പോൾ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി എണ്ണായിരത്തിലധികം വോട്ടിന് മുന്നിലാണ്. സൈന്യ സീറ്റിലും, മാൽഗഡയിലും ബിജെപി മുന്നിലാണ്.
കടുത്ത പോരാട്ടമാണ് ബംഗാളിൽ ബിജെപിയും തൃണമൂലും തമ്മിൽ നടന്നത്.തെരഞ്ഞെടുപ്പിനു മുൻപ് നടന്ന ഒരു പൊതുപരിപാടിയിൽ ജയ്ശ്രീരാം വിളികൾ ഉയർന്നതിനെതിരെ മുഖ്യമന്ത്രി മമത ബാനർജി ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ ജനങ്ങൾ ജയ്ശ്രീരാം വിളിച്ചതോടെ മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതും ബിജെപി പ്രചരണായുധമാക്കിയിരുന്നു.
തൃണമൂലിൽ മമതയുടെ വലംകൈ ആയ സുവേന്ദു അധികാരി ബിജെപി നേതൃത്വത്തിലേക്ക് മാറിയതും മമതയ്ക്ക് വലിയ തിരിച്ചടിയായി. പിന്നീട് നിരവധി തൃണമൂൽ നേതാക്കളാണ് ബിജെപിയിലേക്ക് എത്തിയത്.
നന്ദിഗ്രാമിൽ മമതയെ വെല്ലുവിളിച്ചാണ് സുവേന്ദുഅധികാരി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മമതയ്ക്ക് എതിരെ മത്സരിക്കാനും സുവേന്ദുഅധികാരിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല . ജയ്ശ്രീരാം വിളികൾ ഉയർത്തിയും വികസന പദ്ധതികൾ മുന്നോട്ടുവെച്ചുമാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. തൃണമൂൽ അധികാരത്തിലേക്ക് തിരിച്ചെത്തുമെങ്കിലും നിറം മങ്ങിയ വിജയത്തിലേക്കാണ് മമത എത്തിനിൽക്കുന്നതെന്നാണ് ബെഗാളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന.
2009 ലെ നന്ദിഗ്രാമിന്റെ ഉപതിരഞ്ഞെടുപ്പിൽ ആണ് ഇടതുപക്ഷത്തിൽ നിന്ന് ടിഎംസി ഈ സീറ്റ് പിടിച്ചെടുത്തത്. 2011 ലും 2016 ലും ടിഎംസി ഈ സീറ്റ് നിലനിർത്തുകയും ചെയ്തു. ചരിത്ര യുദ്ധത്തിൽ ബംഗാളിൽ ഇടതുപക്ഷ ഭരണം അട്ടിമറിക്കുന്നതിൽ മമത ബാനർജി വിജയിച്ചതിലും സിംഗൂരിന്റെയും നന്ദിഗ്രാമിന്റെയും പങ്ക് ചെറുതല്ല . 2009 ലെ ഉപതിരഞ്ഞെടുപ്പിൽ ടിഎംസിയുടെ ഫിറോസ ബീബി 93,022 വോട്ടുകൾ നേടി നന്ദഗ്രാമിൽ വിജയിച്ചു. ബിജെപിയുടെ ബിജാൻ കുമാർ ദാസിന് ലഭിച്ചത് 9,813 വോട്ടുകൾ മാത്രമാണ്. അഴിമതിയുമായി ബന്ധപ്പെട്ട സ്റ്റിംഗ് ഓപ്പറേഷനിൽ സിപിഐ എംഎൽഎ മുഹമ്മദ് ഇല്യാസ് കുടുങ്ങിയതിനെ തുടർന്നാണ് ഈ സീറ്റിൽ തിരഞ്ഞെടുപ്പ് നടന്നത്. പിന്നീട് തൃണമൂലിന് നന്ദിഗ്രാമിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
എന്നാൽ സുവേന്ദു അധികാരിയെന്ന രാഷ്ട്രീയ അധികായനില്ലാതെ നന്ദിഗ്രാമിൽ മമതയ്ക് ഒന്നും ചെയ്യാനാവില്ലെന്ന സത്യമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകുന്നത്.
Discussion about this post