കൊട്ടാരക്കര: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനും മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്നു. ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവമാണ് അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
1935 മാർച്ച് 8 ന് കൊല്ലം കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ള- കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായാണ് ആർ ബാലകൃഷ്ണ പിള്ളയുടെ ജനനം. 1964ൽ കേരള കോൺഗ്രസിന്‍റെ സ്ഥാപക ജനറൽ സെക്രട്ടറിയായി. 1964 മുതൽ 87 വരെ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1971-ൽ ലോക്സഭാംഗമായി. 1975 ൽ. സി അച്ചുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പുകളുടെ ചുമതല ഏറ്റെടുത്തു. 1980-82, 82-85, 86-87 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായി. 1991 മുതൽ 95-വരെ കരുണാകരൻ മന്ത്രിസഭയിൽ ഗതാഗത വകുപ്പ്മന്ത്രി. 1995 മാർച്ച് 22 മുതൽ 95 ജൂലൈ 28 വരെ എ.കെ. ആന്‍റണി മന്ത്രിസഭയിലംഗം. 2003-04 വർഷങ്ങളിൽ എ.കെ. ആന്‍റണി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായി.
1985 ൽ പഞ്ചാബ് മോഡൽ എന്ന പേരിൽ വിവാദമായ പ്രസംഗത്തെ തുടര്‍ന്ന മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന ആര്‍ ബാലകൃഷ്ണ പിള്ള അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയും കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കപ്പെടുന്ന ആദ്യ സാമാജികനും ആയിരുന്നു.
ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെ 5990-ആം തടവുപുള്ളിയാകേണ്ടി വന്നതിന്റെ സ്മരണയിൽ തന്റെ ആത്മകഥക്ക് പ്രിസണർ 5990 എന്ന് പേര് നൽകി. ഭാര്യ വത്സല നേരത്തെ മരിച്ചു. മുൻ മന്ത്രിയും ചലച്ചിത്രതാരവും എം എൽ എയുമായ കെ ബി ഗണേഷ് കുമാർ മകനാണ്. രണ്ട് പെൺമക്കളുമുണ്ട്.
Discussion about this post