ലണ്ടന്‍: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംഘാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
തിങ്കളാഴ്ചയാണ് ജി7 ഉച്ചകോടിയുടെ ഭാഗമായ മറ്റു കൂടിക്കാഴ്ചകളില്‍ പങ്കെടുക്കാന്‍ ജയ്ശങ്കര് ലണ്ടനിലെത്തിയത്. നാലുദിവസത്തേക്കാണ് സന്ദര്‍ശനം. നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ ഉച്ചകോടിയിലെ കൂടിക്കാഴ്ച ഓണ്‍ലൈനായി നടത്തുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. രോഗം സ്ഥിരീകരിച്ചവരെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷത്തിന് ശേഷമാണ് ജി7 രാജ്യങ്ങളിലെ വിദേശമന്ത്രിമാര്‍ നേര്‍ക്കുനേര്‍ കൂടിക്കാഴ്ച നടത്തുന്നത്. ബ്രിട്ടന്‍, അമേരിക്ക, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഉച്ചകോടിയുടെ ഭാഗമായ മറ്റു കൂടിക്കാഴ്ചകളില്‍ പങ്കെടുക്കാന്‍ ഇന്ത്യ, ആസ്ട്രേലിയ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയും ക്ഷണിച്ചിരുന്നു.
Discussion about this post