തിരുവനന്തപുരം: കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ തടവുകാർക്ക് 2 ആഴ്ചത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി . ഈ വർഷം പരോളിന് അർഹതയുള്ളവർക്കും പരോളിൽ പോകാൻ താൽപര്യമുള്ളവർക്കും പരോൾ നൽകും. ജയിലിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യം ഒഴിവാക്കാൻ തടവുകാർക്കു പരോൾ നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് സർക്കാരിനോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിലാണു നടപടി.
സംസ്ഥാനത്ത് വിവിധ ജയിലുകളിലായി ആറായിരത്തോളം തടവുകാരുണ്ട്. എല്ലാ തടവുകാർക്കും പരോൾ ലഭിക്കില്ല. ലോക്ഡൗൺ സമയത്ത് വിചാരണ തടവുകാർക്കും ശിക്ഷാ തടവുകാർക്കും പരോൾ അനുവദിച്ചിരുന്നു. ആദ്യം 15 ദിവസം അനുവദിച്ച പരോൾ കോവിഡ് വ്യാപനത്തെത്തുടർന്ന് 60 ദിവസമായി ഉയർത്തി. ലോക്ഡൗൺ കാലത്ത് പരോൾ അനുവദിച്ച വയസായ തടവുകാരിൽ മിക്കവരും പരോൾ കാലാവധി തീരുന്നതിനു മുൻപ് ജയിലിലേക്കു തിരിച്ചു വരാൻ അപേക്ഷ നൽകി.
അതിനാലാണ് പരോളിന് അർഹതയുള്ളവർക്കു പുറമേ താൽപര്യമുള്ളവർക്കും പരോൾ അനുവദിക്കാൻ ഇത്തവണ സർക്കാർ തീരുമാനമെടുത്തത്. പരോളിനു പോകാന്‍ താൽപര്യമില്ലാത്തവർക്ക് ജയിലിൽ തുടരാം. പരോളിൽ ഇറങ്ങുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിൽ കഴിയണം.
Discussion about this post