ഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അഴിച്ചു വിടുന്ന അക്രമങ്ങളിൽ കർശന ഇടപെടലിനൊരുങ്ങി കേന്ദ്രം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാരിന് വീണ്ടും കത്തയച്ചു. തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിൽ എന്തു നടപടിയെടുത്തുവെന്ന കത്തിന് മറുപടി നൽകാത്തതെന്ത് എന്ന് ചോദിച്ചാണ് കേന്ദ്രം വീണ്ടും കത്തയച്ചിരിക്കുന്നത്.
അക്രമങ്ങൾ തുടരുകയും കത്തിനു മറുപടി നൽകാതിരിക്കുകയും ചെയ്താൽ ശക്തമായ നടപടിയുണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അക്രമങ്ങൾ തടയാൻ എന്തൊക്കെ നടപടികളാണ് എടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാരിനോട് ആരാഞ്ഞു.
ബംഗാളിൽ അക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. എത്രയും വേഗം ഇവ അവസാനിപ്പിക്കണമെന്നും ഇതേക്കുറിച്ചുള്ള റിപ്പോർട്ട് ഉടൻ അയയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷനും ബുധനാഴ്ച വിഷയത്തിൽ ഇടപെട്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം ബംഗാളിൽ നിയന്ത്രണമില്ലാതെ അതിക്രമങ്ങൾ തുടരുകയാണ്. ബംഗാളിലെ മേദിനിപുരില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം നടന്നു. തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് വി.മുരളീധരന്‍ പറഞ്ഞു. മുരളീധരന്റെ ഡ്രൈവർക്ക് പരുക്കേറ്റു. സംസ്ഥാനത്തെ കലാപ സാഹചര്യം വിലയിരുത്താനെത്തിയപ്പോഴായിരുന്നു അക്രമം.
കലാപകാരികൾ പൊലീസ് വാഹനവും ആക്രമിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ഈ പശ്ചാത്തലത്തിൽ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചു. അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതി സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചു.
Discussion about this post