മുംബൈ : സൗദി ഫ്രീ ആയിത്തന്ന ഓക്സിജൻ കണ്ടെയ്നറിൽ റിലയൻസ് കമ്പനി സ്റ്റിക്കർ ഒട്ടിച്ചുവെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കശ്മീർ വിഷയത്തിൽ പാകിസ്താന് അനുകൂലമായി ട്വിറ്ററിൽ പ്രചാരണം നടത്തിയ കുവൈത്തി സ്വദേശിയാണ് ആദ്യം പ്രചാരണവുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എതിർക്കുന്നവർ ഇത് ഏറ്റെടുക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. നാണമില്ലാത്ത റിലയൻസ് സൗദി അറേബ്യ തന്ന ഓക്സിജൻ ലേബലൊട്ടിച്ച് അടിച്ചുമാറ്റുകയാണെന്നായിരുന്നു ആരോപണം.
സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമായതോടെ നിരവധി പ്രമുഖരും റിലയൻസിനെതിരെ പോസ്റ്റുകളിട്ടു. എന്നാൽ ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞിട്ടാണ്. സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വരുമെന്ന ചൊല്ല് അന്വർത്ഥമാക്കുന്നതായിരുന്നു ഇവിടെയും സംഭവിച്ചത്. സത്യത്തിൽ സംഭവിച്ചതെന്തായിരുന്നുവെന്ന് ഫാക്ട് ചെക്കിംഗ് വെബ് സൈറ്റുകൾ രണ്ടു ദിവസത്തിനുള്ളിൽ പുറത്തുവിട്ടു.
രാജ്യത്ത് സൗജന്യമായി ഓക്സിജൻ എത്തിക്കാൻ നിരന്തരം പ്രയത്നിക്കുകയാണ് റിലയൻസ്. ഓ ദിവസം ആയിരം മെട്രിക് ടൺ ഓക്സിജൻ ആണ് റിലയൻസ് ഉത്പാദിപ്പിച്ചത്, ഇത് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഓക്സിജൻ നിർമ്മാണം വേഗത്തിലാക്കിയെങ്കിലും വിവിധ ഇടങ്ങളിലെത്തിക്കാൻ ആവശ്യമായ കണ്ടെയ്നറുകളുടെ ക്ഷാമം നേരിട്ടിരുന്നു. ഇതിനായി 24 ഒഴിഞ്ഞ കണ്ടെയ്നറുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് റിലയൻസ് ഇന്ത്യയിലെത്തിച്ചു. ഇതിൽ സൗദിയിൽ നിന്ന് കൊണ്ടുവന്ന കണ്ടെയ്നറിൽ റിലയൻസിന്റെ ലേബൽ വെക്കുന്ന വീഡിയോ കാട്ടിയാണ് സൗദി തന്നെ ഓക്സിജൻ റിലയൻസ് ലേബലടിച്ചു കൊടുത്തു എന്ന പ്രചാരണം ഉണ്ടായത്.
അതേസമയം സൗദി ഇന്ത്യയ്ക്ക് സൗജന്യമായി നൽകിയത് 80 മെട്രിക് ടൺ ഓക്സിജൻ ആണ്. ഇത് ഇന്ത്യയിലെത്തിക്കുന്നതിന്റെ ഉത്തരവാദിത്വം റിലയൻസിനല്ല. അദാനി ഗ്രൂപ്പുമായി ചേർന്നാണ് ഇത് ഇന്ത്യയിലെത്തിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സൗദിയിലെ ഇന്ത്യൻ എംബസി പുറത്തു വിട്ടിരുന്നു. സൗദി നൽകിയ സൗജന്യ ഓക്സിജൻ ഉള്ള കണ്ടെയ്നറുകളും റിലയൻസ് ലേബൽ നൽകിയ ഒഴിഞ്ഞ കണ്ടെയ്നറുകളും തികച്ചും വ്യത്യസ്തമാണ്. റിലയൻസിനെതിരെയുള്ള വ്യാജ പ്രചാരണമാണ് നടന്നത്. പിന്നിൽ പാക് അനുകൂല ട്വിറ്റർ ഹാൻഡിലുകളും ഇന്ത്യ വിരുദ്ധ ശക്തികളുമായിരുന്നു.
٨٠ طن متري. ليس ٨٠ مليون طن. شكرا https://t.co/LjhKPLxfeS
— India in Saudi Arabia (@IndianEmbRiyadh) April 25, 2021
രാജ്യത്തിന്റെ ആവശ്യത്തിനായി സൗജന്യമായി പ്രതിദിനം ആയിരം മെട്രിക് ടൺ ഓക്സിജൻ നിർമ്മിച്ച് സൗജന്യമായി നൽകുന്ന റിലയൻസിനെതിരെയായിരുന്നു ഈ ദുഷ്പ്രചാരണം. ദിനം പ്രതി ആയിരം മെട്രിക് ടൺ നൽകുന്നവർക്ക് സൗദിയുടെ 80 മെട്രിക് ടണ്ണിൽ ലേബലടിക്കേണ്ട ഒരു കാര്യവുമില്ലെന്നത് വ്യക്തമാണ്. ഇനിയെങ്കിലും അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിച്ച് സഹായിക്കുന്നവരെപ്പോലും കള്ളന്മാരാക്കുന്ന സമീപനം ഒഴിവാക്കേണ്ടതാണ്. നമ്മുടെ ബുദ്ധികൊണ്ടാണ് കാര്യങ്ങൾ മനസ്സിലാക്കേണ്ടത്. ഇന്ത്യാ വിരുദ്ധശക്തികളുടെ ചട്ടുകമാകരുത്.
Discussion about this post