കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. കൊല്ലം ജില്ലയിലെ വെഞ്ചേമ്പിലാണ് അഥികൂടം കണ്ടെത്തിയിരിക്കുന്നത്. തലയോട്ടി, താടിയെല്ല്, കൈകാലുകൾ എന്നിവ പുരയിടത്തിന്റെ പല ഭാഗങ്ങളിൽ ചിതറി കിടക്കുന്ന നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്.
പ്രദേശവാസിയായ ജോണിന്റേതാകാം അസ്ഥികൂടമെന്നാണ് പൊലീസിന്റെ നിഗമനം. ബന്ധുക്കളുമായി അകന്നു കഴിയുകയായിരുന്ന ജോൺ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഇയാളെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലായിരുന്നു.
അസ്ഥികൂടം കണ്ടെത്തിയ പറമ്പിലെ ചെറിയ ഷെഡിലായിരുന്നു ജോൺ താമസിച്ചിരുന്നത്. മൃഗങ്ങൾ കടിച്ച് വലിച്ച് കൊണ്ടു പോയതിനാലാകാം അസ്ഥികൂടം പലഭാഗത്തായി ചിതറിക്കിടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മരണം കൊലപാതകമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അസ്ഥികൂടം ഡി എൻ എ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷം അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post