ഡൽഹി: വിവാഹ വാഗ്ദാനം നൽകി വിളിച്ചു വരുത്തിയ ഫേസ്ബുക്ക് സുഹൃത്തും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഡൽഹിയിൽ വീട്ടുജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ ഫെയ്സ്ബുക്ക് സുഹൃത്തായ സാഗർ എന്നയാളെ അറസ്റ്റ് ചെയ്തെന്നും മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു യുവതി സാഗർ എന്നയാളെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ വിവാഹാഭ്യർത്ഥന നടത്തി. വിവാഹത്തിന് മുന്നോടിയായി തന്റെ മാതാപിതാക്കളെ പരിചയപ്പെടാൻ എന്ന് പറഞ്ഞാണ് മെയ് മൂന്നിന് യുവതിയെ ഇയാൾ വിളിച്ചു വരുത്തിയത്. എന്നാൽ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാതെ സാഗർ രാംഘട്ട് ഗ്രാമത്തിലെ വനത്തിലേക്കാണ് കൂട്ടിക്കൊണ്ട് പോയത്.
വനത്തിനുള്ളിൽ വെച്ച് സാഗറും ഇയാളുടെ സഹോദരനും സുഹൃത്തുക്കളും അടക്കം ഇരുപതോളം പേർ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു. പിറ്റേ ദിവസം സാഗർ യുവതിയെ ഒരു ആക്രിക്കച്ചവടക്കാരന്റെ അടുത്തെത്തിച്ചു. ഇവിടെവെച്ച് അഞ്ചു പേർ യുവതിയെ ബലാത്സംഗം ചെയ്തു. തുടർന്ന് അങ്ങേയറ്റം അവശനിലയിലായ യുവതിയെ പ്രതികൾ വഴിവക്കിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Discussion about this post