തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വിവാദമായിരിക്കുന്ന സാഹചര്യത്തിൽ ന്യായീകരണവുമായി മുൻ മന്ത്രി എ കെ ബാലൻ. ജനപ്രതിനിധികൾ ചിലപ്പോൾ അറിയാതെ പ്രോട്ടോക്കോൾ ലംഘിച്ചേക്കാം, എന്നാൽ ജനങ്ങൾ അങ്ങനെയല്ലെന്ന് എ കെ ബാലൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സാധാരണ ഗതിയിൽ ജനലക്ഷങ്ങൾ പങ്കെടുക്കേണ്ട ചടങ്ങാണ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ്. എന്നാൽ കോവിഡ് മഹാമാരിക്കാലത്തെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് വിശാലമായ സ്ഥലത്ത്, അനിവാര്യമായ ചുരുങ്ങിയ പങ്കാളിത്തത്തോടെ, ഔപചാരിക ചടങ്ങായി മാത്രം ചുരുക്കി സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എ കെ ബാലൻ പറഞ്ഞു. ഇതും ആർഭാടമാണ്, പ്രോട്ടോക്കോൾ ലംഘനമാണ് എന്നു പറയുന്നവർ, ഈ ഗവണ്മെൻ്റിന് തുടർച്ചയുണ്ടാവണമെന്ന് ആഗ്രഹിച്ചവരല്ലെന്നും ബാലൻ കുറ്റപ്പെടുത്തുന്നു.
കോവിഡ്- 19 രോഗ പ്രതിരോധത്തിനായി ഗവണ്മെൻ്റ് തന്നെ രൂപം നൽകിയ പ്രോട്ടോക്കോൾ, മറ്റ് നടപടിക്രമങ്ങൾ എന്നിവയുടെ പേരിൽ വീട്ടിലിരിക്കേണ്ടവരല്ല ജനപ്രതിനിധികളെന്ന് പറയുന്ന എ കെ ബാലൻ, എം എൽ എമാരെ ആരോഗ്യ പ്രവർത്തകരോടാണ് ഉപമിക്കുന്നത്.
സത്യപ്രതിജ്ഞ ചടങ്ങ് സ്ഥലപരിമിതിയുള്ള രാജ്ഭവനിൽ നടത്തുന്നതിനേക്കാൾ സുരക്ഷിതമാണ് വിശാലമായ സെൻട്രൽ സ്‌റ്റേഡിയത്തിൽ നടത്തുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ചിലപ്പോൾ അറിയാതെ എപ്പോഴെങ്കിലും പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടേക്കാം. ഇതു പോലെയല്ല ജനങ്ങളെന്നും എ കെ ബാലൻ പറയുന്നു.
എ കെ ബാലന്റെ ന്യായീകരണങ്ങൾക്കെതിരെ രൂക്ഷമായ പരിഹാസമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ‘തലച്ചോറില്ലാത്ത കമ്മികളെ പറ്റിക്കാൻ ഇങ്ങനെ ഓരോ ക്യാപ്സ്യൂൾ മതി.. തമിഴ്നാട്ടിലും, ആസ്സാമിലും, ബംഗാളിലും, പുതുചേരിയിലും സത്യപ്രതിജ്ഞ ചടങ്ങ് നടന്നു എന്ന് ഈ ക്യാപ്സ്യൂൾ ഉണ്ടാക്കുന്നവർ ഓർത്താൽ നല്ലത്‘. എന്നാണ് രാജേഷ് കുമാർ എന്നയാളിന്റെ പ്രതികരണം.
Discussion about this post