കോയമ്പത്തൂർ: സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശനം തേടിയെത്തുന്ന കോവിഡ് ബാധിതർക്കു കാത്തിരിപ്പിനിടെ ആവശ്യമെങ്കിൽ ഓക്സിജൻ നൽകാൻ സൗകര്യമുള്ള സീറ്റുകളോടു കൂടിയ രണ്ടു ബസുകൾ ഏർപ്പെടുത്തി. ഓരോ ബസിലും 12 സീറ്റുകളാണുള്ളത്. ഒൻട്രപ്രനേഴ്സ് ഓർഗനൈസേഷന്റെയും, സേവാ ഗ്യാസസിന്റെയും സഹായത്തോടെയാണു ബസുകൾ ഏർപ്പെടുത്തിയത്.
ഐടി സ്ഥാപനം കെജിഐഎസ്എൽ ആണു രണ്ടു സ്റ്റാഫ് ബസുകൾ നൽകിയത്. ആശുപത്രിയിൽ പ്രവേശനത്തിനെത്തുന്ന രോഗികൾക്ക് ആംബുലൻസുകളിലെ കാത്തിരിപ്പ് ഒഴിവാക്കാൻ ബസുകൾ സഹായകമാകും. ഓരോ ബസിലും പരിശീലനം നേടിയ നഴ്സുമാർ ഉണ്ടാകും. ഓക്സിജൻ മാസ്ക് ധരിക്കാനും ഓക്സിജൻ വിതരണം സാധ്യമാക്കാനും ഇവർ രോഗികളെ സഹായിക്കും. ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ രോഗികളെ പരിശോധിക്കും.
ആറു മണിക്കൂർ ഉപയോഗിക്കാവുന്ന ഓക്സിജൻ സിലിണ്ടറുകൾ ബസുകളിലുണ്ട്. ഒരു മിനിറ്റിൽ രണ്ടു മുതൽ അഞ്ചു ലീറ്റർ വരെ ഓക്സിജൻ ക്രമീകരിക്കാം. ആശുപത്രി പരിസരത്തു നിർത്തിയിട്ട ബസുകളിൽ ഓക്സിജൻ അത്യാവശ്യമായ വയോജനങ്ങൾക്കു മുൻഗണന നൽകും.
Discussion about this post