മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാകും. അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുമായി ബന്ധപ്പെട്ട് മുഖ്യപരിശീലകൻ രവി ശാസ്ത്രി, ഭരത് അരുൺ, വിക്രം റാത്തോർ എന്നിവരുടെ അഭാവത്തിലാണ് രാഹുൽ ദാവ്രിഡിന് ചുമതല നൽകാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.
ഇതിനു മുൻപ് 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റായി പ്രവർത്തിച്ചിട്ടുണ്ട്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷാമി എന്നിവരുടെ അഭാവത്തിലുള്ള ഇന്ത്യൻ ടീമാണ് ശ്രീലങ്കയിൽ പര്യടനം നടത്തുക. മുതിർന്ന താരങ്ങളെല്ലാം അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലായിരിക്കും.
നേരത്തെ ഇന്ത്യ എ ടീമിനെ മികച്ച രീതിയിൽ പരിശീലിപ്പിച്ച അനുബവസമ്പത്തുണ്ട് ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്തനായ ദ്രാവിഡിന്. താൻ നേരത്തെ പരിശീലിപ്പിച്ച കളിക്കാരെ ദേശീയ ടീമിന്റെ ഭാഗമായി പരിശീലിപ്പിക്കാനുള്ള അവസരമാണ് ദ്രാവിഡിന് ലഭിച്ചിരിക്കുന്നത്.











