ആലപ്പുഴ: കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയുടെ ആഭരണങ്ങൾ നഷ്ടമായി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ മരിച്ച ഹരിപ്പാട് മുട്ടം സ്വദേശിനി വത്സലകുമാരിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.
സംഭവത്തിൽ പരാതിയുമായി വത്സലകുമാരിയുടെ ബന്ധുക്കൾ രംഗത്തെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ നാലര പവന്‍റെ താലിമാല, കമ്മല്‍, ഒരു പവന്‍ വീതം വരുന്ന രണ്ട് വളകള്‍ എന്നിവ ഇവരുടെ ശരീരത്തുണ്ടായിരുന്നു. എന്നാല്‍ മരണശേഷം ഇതില്‍ ഒരു വള മാത്രമെ തിരികെ ലഭിച്ചുള്ളു എന്നാണ് പരാതി.
സംഭവം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു വള മാത്രമെ തങ്ങളുടെ പക്കലുള്ളുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് ബന്ദുക്കൾ പരാതിപ്പെടുന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കാനൊരുങ്ങുകയാണ് വത്സലകുമാരിയുടെ ബന്ധുക്കൾ.
നേരത്തെ കളമശ്ശേരി മെഡിക്കല്‍ കോളജിലും സമാനമായ സംഭവം ഉണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശിനി രാധാമണിയുടെ ബന്ധുക്കളാണ് അന്ന് പരാതിയുമായി രംഗത്ത് വന്നത്. രാധാമണിയുടെ മരണശേഷം ആശുപത്രിയില്‍ നിന്നും കൈമാറിയ വസ്തുക്കളില്‍ ഇവരുടെ മുഴുവന്‍ ആഭരണങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ പരാതി.












