തിരുവനന്തപുരം : പ്രതിപക്ഷത്തെ വി.ഡി. സതീശന്‍ എം.എല്‍.എ. നയിക്കും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാന ഘടകത്തെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാകുമെന്നാണ് വിവരം. മുസ്‍ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. കെപിസിസി നേതൃമാറ്റം പിന്നീട്.
എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശൻ. നിയമസഭാ പിഎസി, എസ്റ്റ്മേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. തുടർച്ചായി അഞ്ചാം തവണ പറവൂരിൽനിന്ന് എംഎൽഎ ആയി ജയിച്ചു.
സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് രാഹുൽ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് റിപ്പോർട്ട്. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്‍റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.
ഇന്നലെ സതീശനെ അനുകൂലിക്കുന്ന നേതാക്കൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു. ഇടതുമുന്നണി മൊത്തത്തിൽ പുതുമുഖങ്ങളുമായി രണ്ടാം സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ കോൺഗ്രസിൽ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാർട്ടിയിലെ യുവനേതാക്കൾ രാഹുൽ ഗാന്ധിയോട് പറഞ്ഞതായാണ് സൂചന. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കൾ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് ചർച്ചയിൽ രാഹുലും സ്വീകരിച്ചത്.
അതേസമയം, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളും ചില ദേശീയ നേതാക്കളും സമ്മർദ്ദം ശക്തമാക്കിയെങ്കിലും ഒടുവിൽ സതീശന് നറുക്ക് വീഴുകയാണ് ഉണ്ടായത്.
Discussion about this post