ഇന്ത്യൻ നാവികസേനയുടെ കാശിൻ ക്ലാസ് ഡിസ്ട്രോയർ ഐഎൻഎസ് രജപുത് 41 വർഷത്തെ സേവനത്തിന് ശേഷം മെയ് 21 ന് ഡി കമ്മീഷൻ ചെയ്തു. ഗൈഡഡ് – മിസൈൽ ഡിസ്ട്രോയറും ഇന്ത്യൻ നാവികസേനയുടെ രജപുത്ര ക്ലാസ്സിന്റെ പ്രധാന കപ്പലുമായിരുന്നു ഐ എൻ എസ് രജപുത്. കൂടാതെ ദീർഘദൂര ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച ആദ്യത്തെ യുദ്ധക്കപ്പലുമായിരുന്നു. 1980 മെയ് 4 ന് കമ്മീഷൻ ചെയ്ത രജപുത് നിർമ്മിച്ചത് പഴയ സോവിയറ്റ് യൂണിയൻ ആണ്. ബ്രഹ്മോസിനു പുറമേ, യുദ്ധക്കപ്പലിൽ നിരവധി ആയുധങ്ങളും സെൻസറുകളും ഉണ്ടായിരുന്നു. പടിഞ്ഞാറൻ, കിഴക്കൻ കപ്പലുകളുടെ സുപ്രധാന ഘടകമെന്ന ബഹുമതിയും ഈ ഡിസ്ട്രോയറിനു സ്വന്തം.
വിശാഖപട്ടണത്തെ നാവിക കപ്പൽശാലയിലാണ് യുദ്ധക്കപ്പൽ ഡീക്കമ്മീഷൻ ചെയ്യുന്നതെന്ന് നാവികസേന വക്താവ് പറഞ്ഞു. ശ്രീലങ്കയിലെ ഓപ്പറേഷൻ അമാൻ, ഓപ്പറേഷൻ കാക്റ്റസ് ഉൾപ്പെടെയുള്ള പ്രധാന ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള രജപുത് ഉഭയകക്ഷി, ബഹുരാഷ്ട്ര അഭ്യാസങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 41 വർഷത്തിനുള്ളിൽ 31 കമാൻഡിംഗ് ഓഫീസർമാരായിരുന്നു രജ്പുതിൽ സേവനം ചെയ്തത്.
ആർമി റെജിമെന്റായ രജപുത് റെജിമെന്റുമായി അഫിലിയേറ്റ് ചെയ്ത ആദ്യത്തെ ഇന്ത്യൻ നേവൽ ഷിപ്പാണ്. നിക്കോളേവിലെ (ഇപ്പോൾ ഉക്രെയ്ൻ) കപ്പൽശാലയിലാണ് ഐഎൻഎസ് രജപുത് നിർമ്മിച്ചത്. യഥാർത്ഥ പേര് റഷ്യൻ നാമമായ ‘നഡെഷ്നി’ എന്നായിരുന്നു, അതായത് ‘പ്രതീക്ഷ’. 1976 സെപ്റ്റംബർ 11 നു നിർമ്മാണം തുടങ്ങിയ രജപുത് നീറ്റിലിറക്കിയത് 1977 സെപ്റ്റംബർ 17 നാണ്.
‘രാജ് കരേഗ രജപുത്’ എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. ഏത് പ്രതിസന്ധിയിലും ഉറച്ചുനിൽക്കുന്ന ഐഎൻഎസ് രജപുത്രരുടെ ധീരരായ സംഘം എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കുകയും രാജ്യത്തിന്റെ സമുദ്ര താൽപ്പര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനായി അഹോരാത്രം പ്രവർത്തിക്കുകയും ചെയ്തു.












