ജറുസലേം: ഇസ്രായേലിൽ ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രായേൽ ഭരണകൂടം. സൗമ്യക്ക് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദി ഇക്കാര്യം സൗമ്യയുടെ കുടുംബത്തെ അറിയിച്ചു.
ഇസ്രയേൽ ജനത തങ്ങളിൽ ഒരാളായാണ് സൗമ്യയെ കാണുന്നത്. സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്ന് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നു. ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഇസ്രയേൽ പ്രതിനിധി അറിയിച്ചു.
സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേൽ സംരക്ഷിക്കുമെന്നും റോണി യദീദി അറിയിച്ചു. ഇസ്രയേലിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ബന്ധുക്കൾ പറഞ്ഞു.
നേരത്തെ സൗമ്യയോട് സംസ്ഥാന സര്‍ക്കാര്‍ അവഗണന കാണിച്ചതില്‍ ദുഃഖമുണ്ടെന്ന് കുടുംബം അറിയിച്ചിരുന്നു. സൗമ്യ കൊല്ലപ്പെട്ട സംഭവം സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ലെന്നും അവർ പറഞ്ഞിരുന്നു.
തീവ്രവാദികളെ ഭയന്നാണ് സര്‍ക്കാര്‍ തങ്ങളെ പിന്തുണക്കാതിരുന്നത്. സംസ്‌കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ ചോദിച്ചതായും കുടുംബം അറിയിച്ചിരുന്നു.












