കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മമത ബാനര്‍ജി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമത വി.എസ് അച്യുതാനന്ദനെ മാതൃകയാക്കണമെന്ന് സുവേന്ദു അധികാരി പറഞ്ഞു. മമത ബാനര്‍ജി ഭവാനിപൂരില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സുവേന്ദുവിന്റെ പ്രതികരണം.
ധാര്‍മികമായി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ മമതയ്ക്ക് അര്‍ഹതയില്ലെന്ന് സുവേന്ദു വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിജയിച്ചെങ്കിലും നന്ദിഗ്രാമില്‍ മമത പരാജയപ്പെട്ടു. 1996-ല്‍ കേരളത്തില്‍ എല്‍ഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന വി.എസ് അച്യുതാനന്ദന് പരാജയപ്പെട്ടു. പക്ഷേ അദ്ദേഹം മുഖ്യമന്ത്രി പദം ഏറ്റെടുത്തില്ല. മമത ഇത് മാതൃകയാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭയില്‍ അംഗത്വമില്ലാതെയാണ് മമത ബാനര്‍ജി നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത്. അതിനാല്‍ നിയമപ്രകാരം മമത ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കേണ്ടതുണ്ട്. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ തോല്‍പ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിന്റെ തിളക്കം കുറച്ചത് സുവേന്ദു അധികാരിയായിരുന്നു. സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമില്‍ മത്സരിക്കാന്‍ എത്തിയെങ്കിലും മമത പരാജയപ്പെടുകയായിരുന്നു.
Discussion about this post