ഡൽഹി: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച ലോകത്ത് ആദ്യം റജിസ്റ്റർ ചെയ്ത കോവിഡ് വാക്സീനായ സ്പുട്നിക് V വാക്സീന്‍റെ രാജ്യത്തെ ഉല്‍പ്പാദനം ആരംഭിച്ചു. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്, ഡല്‍ഹി ആസ്ഥാനമായ പനാസിയ ബയോടെക് എന്നിവർ ചേര്‍ന്നാണ് വാക്സീന്‍ ഉല്‍പാദനം ആരംഭിച്ചത്. പ്രതിവര്‍ഷം 10 കോടി ഡോസ് ഉല്‍പ്പാദിപ്പിക്കും.
ഡൽഹി ബഡ്ഡിയിൽ പനാസിയ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ച വാക്സീൻ നിർമാതാക്കളായ മോസ്കോയിലെ ഗമാലയ ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ചുകൊടുത്ത് ഗുണനിലവാര പരിശോധന നടത്തി. ഗമാലയയുടെ ഗുണനിലവാരവുമായി ചേർന്നു പോകുന്നതാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് കൂടുതൽ വാക്സീൻ ഇന്ത്യയിൽ നിർമിക്കാൻ തീരുമാനമായത്.
ഏപ്രിൽ 12നാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ സ്പുട്നിക് V വാക്സീന് രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. മേയ് 14ന് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇറക്കുമതി ചെയ്ത സ്പുട്നിക് V വാക്സീന്റെ കുത്തിവയ്പ്പ് ആരംഭിച്ചത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍ എന്നീ വാക്സീനുകളാണു നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്.
ഇതുവരെ 66 രാജ്യങ്ങളിൽ സ്പുട്നിക് V വാക്സീന് അനുമതി ലഭിച്ചിട്ടുണ്ട്. 97.6% ആണ് വാക്സീന്റെ ഫലപ്രാപ്തി.
Discussion about this post