തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥനത്ത് കനത്ത മഴ തുടരുന്നു. തീരദേശ മേഖലയിൽ കടൽക്ഷോഭം ശക്തമാണ്. ഇതിനിടെ വിഴിഞ്ഞത്ത് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ ആണ് മരിച്ചത്. രണ്ട് പേരെ കാണാതായിട്ടുണ്ട്. ജോസഫ്, സേവ്യർ എന്നിവരെയാണ് കാണാതായിരിക്കുന്നത്.
കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. അടിമലത്തുറയില്‍നിന്നാണ് ഡേവിഡ്സണിന്റെ മൃതദേഹം ലഭിച്ചത്. വിഴിഞ്ഞം മൗത്തില്‍ വച്ചാണ് രണ്ട് ബോട്ടുകള്‍ അപകടത്തില്‍പെട്ടത്. ഇതില്‍ സെന്റ് തോമസ് എന്ന ബോട്ടാണ് കടലില്‍ മുങ്ങിപ്പോയത്.
മീനുമായി കരയിലേക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയില്‍ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്. വളരെ പെട്ടെന്ന് രൂപപ്പെട്ട വലിയ തിരയില്‍ പെട്ട് ചെറുവള്ളങ്ങള്‍ കടലിലേക്ക് ഒഴുകി പോവുകയും ചെയ്തു. കോസ്റ്റ്ഗാർഡും നാട്ടുകാരും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചിരുന്നു.












