ലണ്ടൻ: യുകെയിൽ കൊവിഡ് മൂന്നാം തരംഗ വ്യാപനം ആരംഭിച്ചതിന്റെ സൂചനകൾ പ്രകടമായി തുടങ്ങിയതായി ആരോഗ്യ വിദഗ്ധർ. നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ച് ജൂൺ 21 മുതൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുകെ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ ഭീഷണി. നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് തത്കാലത്തേക്ക് നിർത്തിവെക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണോട് അഭ്യർത്ഥിക്കാൻ ആരോഗ്യ വിദഗ്ധർ തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ബ്രിട്ടണിൽ സാവധാനം പിടിമുറുക്കുന്ന കൊവിഡിന്റെ ബി.1.617 വകഭേദം അപകടകാരിയാകാൻ സാധ്യതയുള്ളതായി കേംബ്രിഡ്ജ് സർവ്വകാലാശാല പ്രൊഫസർ രവി ഗുപ്ത അഭിപ്രായപ്പെടുന്നു. ഏപ്രിൽ 12ന് ശേഷം ആദ്യമായി കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും ബ്രിട്ടണിൽ കൊവിഡ് പ്രതിദിനബാധ മൂവായിരത്തിന് മുകളിൽ പോയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
എന്നാൽ യുകെയിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണെന്നും അതുകൊണ്ട് തന്നെ ആദ്യ രണ്ട ഘട്ടങ്ങളിലും ഉണ്ടായത് പോലെ രൂക്ഷമായ വ്യാപനം ഇത്തവണ ഉണ്ടായേക്കില്ലെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം കരുതൽ അനിവാര്യമാണെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.
Discussion about this post