ഡൽഹി: കൊവാക്‌സിനേക്കാള്‍ ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീല്‍ഡാണെന്ന് പഠനം. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ആദ്യ പഠനമാണിത്. ഈ രണ്ട് വാക്‌സിനുകളുടെയും രണ്ട് ഡോസും എടുത്തവരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഡോ എകെ സിംഗിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. രണ്ട് വാക്‌സിനുകളും മികച്ച പ്രതിരോധ ശേഷിയെ നല്‍കുന്നതാണ് പഠനത്തിലൂടെ കണ്ടെത്തി. അതേസമയം ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ല.
കൊവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തവരില്‍ 70 ശതമാനത്തോളം ഇഫക്ടീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവാക്‌സിന്റെ പ്രാഥമിക ഡാറ്റാ പ്രതിരോധ ശേഷി 81 ശതമാനമാണ്. അതേസമയം കൊവിഷീല്‍ഡ് 425 പേര്‍ക്കും കൊവാക്‌സിന്‍ 90 പേര്‍ക്കുമാണ് നല്‍കിയത്. രണ്ട് ഡോസുകള്‍ എടുത്ത ശേഷം 95 ശതമാനത്തോളം പേര്‍ക്ക് ആന്റിബോഡികള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായി പഠനത്തില്‍ പറയുന്നു. ഇത് രണ്ട് വാക്‌സിനുകളുടെ കാര്യത്തില്‍ ഒരേപോലെയാണ്.
അതേസമയം മികച്ച പ്രതിരോധ ശേഷി കൊവിഷീല്‍ഡിനും കൊവാക്‌സിനുമുണ്ട്. എന്നാല്‍ ആന്റിബോഡികല്‍ കൊവിഷീല്‍ഡിലാണ് കൂടുതലുള്ളത്. കൊവിഷീല്‍ഡിന് 115 ആര്‍ബിട്രറി യൂണിറ്റ് പെര്‍ മില്ലിമീറ്ററാണ് ഉള്ളത്. കൊവാക്‌സിന് ഇത് 51 എയു എംഎല്‍ ആണ്. സീറോ പോസിറ്റിവിറ്റി നിരക്കും, ആന്റിബോഡി വര്‍ധനവും കൂടുതലായി കൊവിഷീല്‍ഡ് ഉപയോഗിക്കുന്നവരില്‍ പ്രകടമാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ശരീരത്തില്‍ ആന്റിബോഡികളുടെ എണ്ണം കൂടുതലുള്ളത് കൊണ്ട് അത് ഏതെങ്കിലും വ്യക്തിക്ക് കൊവിഡില്‍ നിന്ന് സുരക്ഷ നല്‍കുന്ന കാര്യമല്ലെന്ന് ഐഎംഎ കൊച്ചി യൂണിറ്റിലെ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.
വാക്‌സിന്‍ എടുത്ത ശേഷം ചില രോഗങ്ങളും ഇതില്‍ ചിലര്‍ക്ക് കണ്ടിട്ടുണ്ട്. 27 രോഗങ്ങളാണ് ഇത്തരത്തിലുണ്ടായത്. 25 കേസുകള്‍ വളരെ ചെറിയ ഇന്‍ഫെക്ഷന്‍സാണ്. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഷീല്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പാര്‍ശ്വഫലമായി രോഗം വരാനുള്ള സാധ്യത 5.5 ശതമാനമാണ്. കൊവിഷീല്‍ഡിന് ഇത് 2.2 ശതമാനവും. അതേസമയം ലിംഗപരമായി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് എന്തെങ്കിലും കൂടുതലായി ഗുണം ചെയ്യുമെന്ന് പറയാനാവില്ലെന്ന് പഠനത്തില്‍ പറയുന്നു. അതേസമയം വാക്‌സിനേഷന്‍ വര്‍ധിപ്പിക്കണമെന്നാണ് പഠനത്തിലൂടെ വ്യക്തമാകുന്നത്. രണ്ട് വാക്‌സിനുകളും മികച്ച പ്രതിരോധ ശേഷിയുമുള്ളതാണ്.
Discussion about this post